“ഭക്ഷണം കഴിച്ചുന്ന സമയത്ത് വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെയുള്ള ഷാജൻ സ്കറിയയുടെ അറസ്റ്റ്”; നടപടിക്ക് എതിരെ ശക്തമായി പ്രതികരിച്ച് ബിജെപി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെതിരെ ബിജെപി. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പൊലീസിന്‍റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

Advertisements

ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇന്ത്യ സഖ്യം  ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങൾ എല്ലാം നഗ്നമായി ലംഘിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജൻ സ്കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ല. 

ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോൽപ്പിക്കും. ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തത് മുഴുവൻ ദിവസവും കസ്റ്റഡിയിൽ വയ്ക്കാൻ വേണ്ടിയായിരുന്നു. അതെന്തായാലും പൊലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പൊലീസ് രാജിനെ ശക്തമായി ബിജെപി എതിർക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. 

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. 

ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

Hot Topics

Related Articles