തിരുവനന്തപുരം: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ കേരളത്തിൽ നാളെ നടക്കും. തീരമേഖലയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനമായതിനാൽ തന്നെ ഉയർന്ന ജാഗ്രത പുലർത്തേണ്ട സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രിൽ നടത്തേണ്ടത്. ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കൽ, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങി പത്തോളം നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
നടപടികളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം നടക്കുക. സംസ്ഥാന പൊലീസ് മേധാവി, ഫയർ ഫോഴ്‌സ് മേധാവി, റവന്യൂ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രം നിർദ്ദേശിച്ച പ്രകാരമുള്ള മുന്നൊരുക്കങ്ങളും നടപടികളും ഈ യോഗം വിശദമായി ചർച്ച ചെയ്യും.
കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം. പഹൽഗാം ആക്രമണത്തിനു ശേഷം നിരന്തരം ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി പാകിസ്ഥാൻ മുഴക്കുന്ന സാഹചര്യം ഇന്നലെ യുഎൻ രക്ഷാ സമിതിയിൽ വിമർശിക്കപ്പെട്ടിരുന്നു. പഹൽഗാമിനെ കശ്മീർ തർക്കവുമായി ബന്ധിപ്പിക്കാനുള്ള പാകിസ്ഥാൻറെ നീക്കവും രക്ഷാസമിതിയിൽ പൊളിഞ്ഞു.