കോട്ടയം: അതീപ്പറമ്പ് വെള്ളൂർ ഭാഗത്ത് വ്യാപകമായി പാറപൊട്ടിക്കുന്നതായി പരാതി. പാറപൊട്ടിച്ച് ടിപ്പറിൽ കടത്തുന്നതായാണ് നാട്ടുകർ പരാതിപ്പെടുന്നത്. ഈ റോഡിലൂടെ ടിപ്പറുകൾ നിരന്തരം കടന്നു പോകുന്നതിനാൽ കോൺക്രീറ്റ് റോഡുകളും പൂർണമായും തകർന്നു. മാസങ്ങളോളമായി പ്രദേശത്ത് വ്യാപകമായി പാറപൊട്ടിച്ചു കടത്തുന്നത്. വെള്ളൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് മാഫിയ സംഘം ഇവിടെ പ്രവർത്തിക്കുന്നത്. ഇട റോഡുകളിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മാഫിയ സംഘം പാറ പൊട്ടിച്ചു കടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് മണർകാട് പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്താൻ എത്താറുണ്ടെങ്കിലും വഴിയരികിൽ ആളുകളെ കാവൽ നിർത്തുന്ന മാഫിയ സംഘം പൊലീസ് എത്തുന്നത് കൃത്യമായി മനസിലാക്കുകയും മറ്റൊരു വഴിയിലൂടെ ലോറി മാറ്റുകയും ചെയ്യുകയാണ് പതിവ്. പാറപൊട്ടിക്കുന്ന കേന്ദ്രങ്ങളിൽ ജിയോളജി വിഭാഗമാണ് പരിശോധന നടത്തേണ്ടത്. എന്നാൽ, ഈ പരിശോധയ്ക്ക് ജിയോളജി വിഭാഗം തയ്യാറാകുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പ്രദേശത്തെ റോഡുകൾ തകർക്കുന്ന, ജനവാസ കേന്ദ്രങ്ങളിൽ പോലും പാറ പൊട്ടിക്കുന്ന മാഫിയ സംഘത്തിന് എതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.