ബീജിംഗ്: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രംഗത്തെത്തിയത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
പിഒകെയിലെയും പാകിസ്ഥാനിലെ പഞ്ചാബിലെയും ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തി. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ടതിന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്.