കോട്ടയം: പാസ്റ്റർ ചമഞ്ഞ് വീട്ടിലെത്തി പ്രാർത്ഥനയുടെ പേരിൽ മോഷണം നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവ് ജയിൽ മോചിതനായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവുമായി ജില്ലാ പോലീസ് മേധാവി. തിരുവനന്തപുരം കാഞ്ഞിരങ്കുളം പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ് നായരാണ് (47) കോട്ടയം ജില്ലയിൽ ജയിൽ മോചിതനായത്. വാകത്താനം പോലീസ് സ്റ്റേഷനിൽ മാല മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ ജയിൽ മോചിതനായി.
തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന, ആയുധ നിയമം , ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ 34 കേസുകളിൽ പ്രതിയാണ് ഇയാൾ.
വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാർത്ഥന പോലെ പ്രാർത്ഥിച്ച് അവരുടെ മനസ്സ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് പ്രതിയുടെ രീതി. പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും, കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരെ എറിഞാണ് ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നത്. ഇയാളെ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.