കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ 72 കാരിയായ അമ്മായിയമ്മയെ മരുമകൾ പട്ടിയെ വിട്ട് ആക്രമിച്ചതായും, കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ അമ്മായിയമ്മ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടി. ഏറ്റുമാനൂർ പേരൂർ മന്നാമല കറുകശേരിയിൽ വീട്ടിൽ മറിയാമ്മ ജോണിനെ(72)യാണ് മരുമകൾ നായയെ വിട്ട് ആക്രമിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൾ പേരൂർ മന്നാമല കൂർക്കഞ്ചേരി വീട്ടിൽ രജനിയ്‌ക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 115(2), 62, 118(1), 351, 126(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മെയ് എട്ടിന് രാവിലെ 6.15 നായിരുന്നു കേസിനാസ്പദമായ സംഭവം. മറിയാമ്മ ജോണും രജനിയും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നില നിന്നിരുന്നു. നേരത്തെ രജനി ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരന്തരം വീട്ടിൽ പ്രശ്‌നങ്ങളായിരുന്നതായി പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് എട്ടിന് രാവിലെ 6.15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. വീടിന്റെ ഉള്ളിലൂടെ നായ നടക്കുന്നതിനെ മറിയാമ്മ ജോൺ ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി രാവിലെ മുതൽ തന്നെ ഇരുവരും തമ്മിൽ തർക്കങ്ങളും നടന്നിരുന്നു. ഇതിനിടെ രജനി നായയെയുമായി അടുക്കളയിൽ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മറിയാമ്മ പറയുന്നു. നായ തന്റെ ശരീരത്തിലേയ്ക്ക് ചാടിക്കയറി, തുടർന്ന് രജനി തന്നെ കടിക്കുകയും ചെയ്തതായും മറിയാമ്മ പറയുന്നു. തുടർന്ന് ഇവർ കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇതിന് ശേഷം ഏറ്റുമാനൂർ പൊലീസിൽ മറിയാമ്മ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മറിയാമ്മയുടെ മൊഴിയെടുത്ത് കേസെടുത്തു. ഇതിനിടെ രജനി മറിയാമ്മ കടിച്ചതായി ആരോപിച്ച് കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരും ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.