തിരുവനന്തപുരം : “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിംഗ് സെക്ഷൻ ഓവർസിയർ പത്രോസ് 5,000/- രൂപ കൈക്കൂലി വാങ്ങവേ തിരുവനന്തപുരം വിജിലൻസ് ഇന്ന് (09/05/2025) പിടികൂടി.
തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള മരുമകൻ പാച്ചല്ലൂർ ഭദ്രാനഗറിൽ പണികഴിപ്പിക്കുന്ന അപ്പാർട്ട്മെന്റിന്റെ നിർമ്മാണ പ്രവർത്തികൾ 2024-ൽ പൂർത്തിയാക്കി കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും മറ്റ് രേഖകളും തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിൽ കഴിഞ്ഞ വർഷം ഡിസംബർ 20 ന് സമർപ്പിച്ചിരുന്നു.
തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിംഗ് സെക്ഷൻ ഓവർസിയറായ പത്രോസ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സ്ഥല പരിശോധന നടത്തിയശേഷം അപ്പാർട്ട്മെന്റിന് പുറത്ത് ടോയിലറ്റ് പണിയണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ടോയിലറ്റ് പണികഴിപ്പിച്ച ശേഷം പരാതിക്കാരൻ ഓവർസിയറെ പല പ്രാവശ്യം ഫോണിൽ അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്താത്തതിനാൽ 07.05.2025 തീയതി തിരുവല്ലം സോണൽ ഓഫീസിൽ പോയി ഓവർസിയറെ നേരിൽ കണുകയും, ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്ക് എത്തുകയും ചെയ്തു. സ്ഥല പരിശോധനയ്ക്ക് ശേഷം, കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലായെന്നും, താൻ കണ്ണടച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ ശേഷം ഓവർസിയർ പരാതിക്കാരനോട് 5,000/- രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് തിരികെ പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മെയ് എട്ടിന് പരാതിക്കാരൻ വീണ്ടും ഓവർസിയറെ ഫോണിൽ വിളിച്ചപ്പോൾ മെയ് ഒൻപതിന് 5,000/- രൂപയുമായി ഓഫീസിൽ വന്ന് കാണാൻ പറഞ്ഞു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ മെയ് ഒൻപതിന് വൈകിട്ട് 03.30 മണിക്ക് തിരുവല്ലം സോണൽ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയറായ പത്രോസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി 2025-ൽ ഇതുവരെ മാത്രം അഴിമതിക്കാരായ 44 പേരെ 31 ട്രാപ്പ് കേസുകളിലായി വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരിൽ 16 പേർ റവന്യൂ ഉദ്യോഗസ്ഥരും, തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും 6 പേരും, പോലീസ് വകുപ്പിൽ നിന്നും 4 ഉദ്യോഗസ്ഥരും, പൊതുമരാമത്ത് വകുപ്പിൽ നിന്ന് 3 പേരും, വനം വകുപ്പിൽ നിന്ന് 2 പേരും, വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ വീതവും, ഒരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജരും, ഒരാൾ പൊതുമേഖലാ ബാങ്കിലെ കൺകറണ്ട് ഓഡിറ്ററുമാണ്. ഇത് കൂടാതെ 4 ഏജന്റുമാരെയും, സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന് പറഞ്ഞോ പൈസ വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരുന്നതും, ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ ആവശ്യപ്പെട്ടാലോ ഭീഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കേണ്ടതുമാണ്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ . യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.