വൈക്കം:കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ ഒൻപതു കിലോമീറ്റർ ദൂരം നീന്തി13 കാരൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി.
വൈക്കം നിർമ്മാല്യത്തിൽ സജിത്ത് ബാലചന്ദ്രൻ,ആശ ദമ്പതികളുടെ മകനും വൈക്കം വാർവിൻ സ്കൂൾഏഴാം ക്ലാസ് വിദ്യാർഥിയുമായ എസ്. കാർത്തിക്കാണ് ആലപ്പുഴ ചേർത്തല കുമ്പേൽകടവിൽ നിന്നും വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയത്. ഒരു മണിക്കൂർ 24 മിനിട്ടു കൊണ്ടാണ് കാർത്തിക്ക് കായൽ നീന്തിക്കടന്നത്. ഉദയനാപുരം ശ്രീമുരുകാ സ്വിമ്മിംഗ് ക്ലബ്ബിൽ റിട്ടയേർഡ് ഫയർ ഓഫീസർ ടി.ഷാജികുമാറിന്റെ ശിക്ഷണത്തിൽ നീന്തൽ പഠനം ആരംഭിച്ച കാർത്തിക് കോതമംഗലം ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പന്റെ കീഴിൽ നാലു മാസം മുവാറ്റുപുഴയാറിൽ പരിശീലനം നടത്തിയാണ് കായലിൽ നീന്താൻ പ്രാപ്തി നേടിയത്.
കാർത്തിക്കിന്റെ സഹോദരി യുകെ ജി വിദ്യാർഥിനി കൃതികയും നീന്തൽ അഭ്യസിച്ചു വരികയാണ്. വേലിയേറ്റ സമയത്ത് നീന്താൻ പ്രയാസപ്പെട്ടെങ്കിലും നന്നായി പരിശീലനം നടത്തിയത് തുണയായെന്നും കാർത്തിക് പറഞ്ഞു.
കാർത്തിക്കിന്റെ നേട്ടം മറ്റുകുട്ടികൾക്കും പ്രചോദനമാകണമെന്നും ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ നീന്തൽ അഭ്യസിക്കണമെന്നും കാർത്തിക്കിന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ബീച്ചിൽ നടന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. കാർത്തിക്കിന്റെ കൈകലുകളിലെ ബന്ധനം ഫയർ സ്റ്റേഷൻ ഓഫീസർ കെ. എസ്. ബിജു അഴിച്ചു മാറ്റി. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ രാജശേഖരൻ, ജയ് ജോൺ,സി.പി. ലെനിൻ,ടി.ഷാജികുമാർ, എ.പി. അൻസിൽ തുടങ്ങിയവർ സംബന്ധിച്ചു.
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ ഒൻപതു കിലോമീറ്റർ ദൂരം നീന്തി13 കാരൻ; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി വൈക്കം സ്വദേശി

Advertisements