ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്.
അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വെടിനിര്‍ത്തൽ അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി. വാര്‍ത്താസമ്മേളനം തൽക്കാലം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്റെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വെടിനിര്‍ത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
പാക് ഡിജിഎംഒ ഇന്ത്യയുമായി രണ്ടു തവണ ബന്ധപ്പെട്ടു, അമേരിക്കയും ഇടപെട്ടു
ഇതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ ധാരണയ്ക്ക് അമേരിക്ക ഇടപെടൽ നടത്തിയെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഇടപെടൽ നടത്തി ആവശ്യമായ സഹായം നൽകാനായതിൽ സന്തോഷമുണ്ടെന്നും കശ്മീര്‍ വിഷയത്തിൽ അടക്കം ഇടപെടാമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായ പരിഹാരം ഉണ്ടാക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവിയോടാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നതൊഴിച്ചാൽ ജമ്മുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ രാത്രി ഉണ്ടായില്ല. സൈന്യം മേഖലയിൽ ജാഗ്രതയിലാണ്. നഗ്രോത്ത കരസേന ക്യാമ്പിനുനേര നടന്ന ആക്രമണത്തിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്പ്പോ ഡ്രോൺ ആക്രമണമോ ഉണ്ടായില്ല.
പഞ്ചാബിലെ പഠാൻകോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിർത്തിയിലും സ്ഥിതി ശാന്തമാണ്. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം അനിഷ്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്കുള്ള അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ പുലർച്ചെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്ന ബാർമർ, ജയ്സാൽമീർ എന്നിവിടങ്ങളിൽ ജാഗ്രത തുടരുകയാണ്.
ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു.
ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു. അതേസമയം, ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കം സൈന്യം തകർത്തു. ഒരു ഗാർഡിനു പരിക്കറ്റു എന്നാണ് വിവരം.
വെടിനിര്‍ത്തൽ കരാറിന് ധാരണയായെങ്കിലും സിന്ധു നദീജലക്കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് ഇന്ത്യ പിൻമാറില്ല.കർതാർ പൂർ ഇടനാഴി തൽക്കാലം തുറക്കില്ല. ഭീകരതക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം. പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിക്കും. വെടിനിര്‍ത്തൽ കരാറിനുശേഷം പാകിസ്ഥാൻ വീണ്ടും വ്യോമപാത തുറന്നു. ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ലാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന് തനിസ്വരൂപം പുറത്തെടുത്തു. ധാരണ ലംഘിച്ച് വീണ്ടും പ്രകോപനമുണ്ടായി പാക് ഡ്രോണുകൾ അതിർത്തി കടന്നെത്തി. ശക്തമായ മറുപടിയാണ് ഇതിന് ഇന്ത്യൻ സൈന്യം നൽകിയത്.