മാന്നാനം: നവോത്ഥാനത്തിന്റെയും, ദീർഘവീക്ഷണത്തിന്റെയും, പള്ളിയ്‌ക്കൊരു പള്ളിക്കൂടം എന്ന വിദ്യാഭ്യാസ വിപ്ലവത്തിലൂടെയും വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെയും ഫലമായി രൂപം കൊണ്ട സി.എം.ഐ. സഭയുടെ 194-മത് സഭാസ്ഥാപക ദിനാഘോഷവും, വിദ്യാഭ്യാസ വത്സര പ്രഖ്യാപനവും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തോടെ ആരംഭിച്ചു.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുറമുഖ സഹകരണ ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ച ചാവയച്ചൻ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെയാണ് സ്വപ്‌നം കണ്ടത്. ആ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന സി.എം.ഐ സഭയും സഭയുടെ വിദ്യാഭ്യാസ ദർശനങ്ങളും. കേരള നവോത്ഥാന ചരിത്രത്തിലെ പ്രഥമഗണനീയനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനും കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്ന സി.എം.ഐ. സഭയും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ മുദ്ര പതിപ്പിച്ചിരിക്കുന്നുവെന്നും ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.പി. മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ.എ. മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.എം.ഐ. വികാർ ജനറൽ റവ.ഫാ. ജോസി താമരശ്ശേരി സി.എം.ഐ., സഭ എജ്യുക്കേഷൻ ജനറൽ കൗൺസിലർ റവ.ഫാ. മാർട്ടിൻ മള്ളത്ത് സി.എം.ഐ., ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ റവ.ഡോ. ജോസ് ചെന്നാട്ടുശ്ശേരി സി.എം.ഐ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചാവറപ്പിതാവിന്റെ വിദ്യാഭ്യാസ ദർശ്ശനങ്ങളെ പിൻതുടരുന്ന സി.എം.ഐ. സഭ ഈ വിദ്യാഭ്യാസ വർഷത്തിൽ സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാഭ്യാസത്തിൽ നവീനമായ കാഴ്ചപ്പാടുകളോടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് കൃതജ്ഞതാ പ്രസംഗത്തിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പാളും, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിൻസ് എജുക്കേഷൻ കൗൺസിലറുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു.