അതിർത്തിയിൽ സംഘർഷം രൂക്ഷം : പാകിസ്ഥാനിൽ നിന്ന് ഭയന്നോടിയ അനുഭവം വെളിപ്പെടുത്തി ബംഗ്ലാദേശ് താരം

ലാഹോർ : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായ നാളുകളിൽ പാകിസ്ഥാനിൽ നിന്ന് ഭയന്നോടിയ അനുഭവം വെളിപ്പെടുത്തി ബംഗ്ലാദേശ് ലെഗ് സ്‌പിന്നർ റിഷാദ് ഹുസെയ്ൻ.പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എല്‍) മത്സരങ്ങള്‍ നിർത്തിവെച്ച്‌ വിദേശ താരങ്ങളെ ദുബായിലേക്ക് മാറ്റിയ സാഹചര്യത്തെക്കുറിച്ചും സഹതാരങ്ങള്‍ അനുഭവിച്ച ഭയത്തെക്കുറിച്ചും റിഷാദ് മനസ്സ് തുറന്നു.

Advertisements

ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് സുരക്ഷാ ആശങ്ക ഉയർന്നതോടെയാണ് പിഎസ്‌എല്‍ നിർത്തിവെച്ച്‌ വിദേശ താരങ്ങളെ പ്രത്യേക വിമാനത്തില്‍ ദുബായിലേക്ക് അയച്ചത്. ദുബായില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കെല്ലാം വലിയ ആശ്വാസമായതെന്ന് റിഷാദ് പറഞ്ഞു. ദുബായില്‍ നിന്ന് താരങ്ങള്‍ പിന്നീട് അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്കൊപ്പം യാത്ര ചെയ്ത നിരവധി വിദേശ താരങ്ങള്‍ അതീവ ഭയത്തിലായിരുന്നുവെന്ന് റിഷാദ് ഓർക്കുന്നു. സാം ബില്ലിങ്സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസ്, ടോം കറൻ തുടങ്ങിയ താരങ്ങളെല്ലാം ഉള്‍പ്പെട്ടിരുന്നു. ദുബായില്‍ എത്തിയ ഉടൻ, ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് തിരിച്ചുപോകില്ലെന്ന് ന്യൂസീലൻഡ് ബാറ്റർ ഡാരില്‍ മിച്ചല്‍ തന്നോട് പറഞ്ഞതായും റിഷാദ് വെളിപ്പെടുത്തി.

ഇംഗ്ലണ്ട് താരം ടോം കറൻ്റെ അനുഭവം റിഷാദിനെ ഞെട്ടിച്ചു. “ടോം കറൻ ദുബായിലെത്തിയപ്പോഴേക്കും ഞങ്ങള്‍ പുറപ്പെട്ട പാകിസ്ഥാനിലെ വിമാനത്താവളം അടച്ചെന്ന വിവരമാണ് ലഭിച്ചത്. ഇത് കേട്ടയുടൻ അദ്ദേഹം കരയാൻ തുടങ്ങി. കുഞ്ഞുങ്ങളെപ്പോലെയാണ് അദ്ദേഹം ഭയന്നു കരഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരുപാട് ആളുകള്‍ ചേർന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്,” റിഷാദ് വിവരിച്ചു.

വലിയ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് തങ്ങള്‍ ദുബായില്‍ സുരക്ഷിതമായി എത്തിയത്. പാകിസ്ഥാനില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ മിസൈല്‍ പതിച്ചെന്ന വിവരമാണ് ലഭിച്ചത്. ദുബായിലെത്തിയപ്പോഴാണ് ഞാനിത് അറിയുന്നത്. തൻ്റെ കാര്യമോർത്ത് കുടുംബം ആ രാത്രി ഉറങ്ങിയിട്ടില്ലെന്നും റിഷാദ് പറഞ്ഞു.

സംഘർഷം നിലനില്‍ക്കുമ്ബോഴും പിഎസ്‌എല്‍ മത്സരങ്ങള്‍ കറാച്ചിയില്‍ മാത്രമായി പൂർത്തിയാക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആദ്യം ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ വിദേശ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് അവർ ആ തീരുമാനത്തില്‍ നിന്ന് പിൻവാങ്ങിയതെന്നും റിഷാദ് ഹുസെയ്ൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles