തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളെല്ലാം വേദിയിലെത്തിയിരുന്നു. ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ട്. കേരളത്തിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ജനമാഗ്രഹിക്കുന്നത്. എന്റെ കാര്യമല്ല നമ്മുടെ കാര്യം എന്ന നിലയിൽ ചിന്തിക്കണം. എവിടെയൊക്കെ മാറ്റം വേണോ അതൊക്കെ വേഗത്തിൽ ചെയ്യാൻ സണ്ണിക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത സർക്കാർ യുഡിഎഫ് ആയിരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അഖിലേന്ത്യ കമ്മിറ്റിക്ക് ഞങ്ങളുടെ വാക്കാണിതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സണ്ണി ജോസഫ് ഏതെങ്കിലും വിഭാഗത്തിന്റെ പ്രതിനിധി അല്ലെന്ന് രമേഷ് ചെന്നിത്തലയും പറഞ്ഞു. അടൂർ പ്രകാശ് ഒരു ഭാഗ്യ താരകമാണ്. ജനങ്ങൾ ഒന്നേ പറയുന്നുള്ളു, കോൺഗ്രസ് കാർ ഒന്നിച്ചു നിൽക്കണം എന്നാണ്. യുഡിഎഫ് വരാൻ കേരളം കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ കെപിസിസി അധ്യക്ഷനായി ഇരിക്കുന്ന കാലത്തുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനമൊഴിഞ്ഞ കെ സുധാകരൻ്റെ പ്രസംഗം. സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.
കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർശം. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡണ്ട് എംജി കണ്ണന്റെ കുടുംബത്തിന് കെപിസിസി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.
സണ്ണി ജോസഫും നിയുക്ത ഭാരവാഹികളും എകെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് വേദിയിലെത്തിയത്. പുതിയ സംഘത്തിൽ സമ്പൂർണ്ണ വിശ്വാസമുണ്ടെന്ന് എകെ ആന്റണി പ്രതികരിച്ചു. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കാൻ ആകും. തീരദേശ മലയോര ജനങ്ങളെയാണ് തനിക്ക് ഏറെ ഇഷ്ടം. മലയോര കർഷർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് സാധിക്കും. മലയോര കർഷകന്റെ പുത്രൻ കെപിസി അധ്യക്ഷനായിരിക്കുന്നു. ഉളിക്കൽ ഗ്രാമത്തിൽ നിന്ന് പടിപടിയായി വളർന്ന് ഇന്ന് കോൺഗ്രസ് നേതൃനിരയിലെത്തിയെന്നും എകെ ആൻ്റണി പറഞ്ഞു.