ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം പാതിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പല പൊതുപരിപാടികളിലും പങ്കെടുത്തു. അതിനിടെ പാകിസ്ഥാനെതിരായ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക യോഗം നടത്തുകയും പ്രതിരോധ സേനകൾക്ക് മുന്നോട്ട് പോകാൻ പൂർണ അനുമതി നൽകുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്ത ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് കടന്നപ്പോൾ ദില്ലിയിലെ വസതിയിൽ നിരന്തരം കൂടിയാലോചനകൾ നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് തവണ സർവകക്ഷി യോഗം ചേർന്നപ്പോഴും അദ്ദേഹം പങ്കെടുക്കുകയോ വാർത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല. വെടിനിർത്തലിന് ശേഷം പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. രാത്രി എട്ട് മണിക്ക് നടക്കുന്ന അഭിസംബോധനയിൽ പാകിസ്ഥാനെതിരായ സൈനിക നടപടികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.