ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാൻ സൈന്യത്തിന് വൻനാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.പാക്കിസ്ഥാനിലെ സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർന്നു. പാക് വ്യോമസേനയുടെ എഫ് -16, ജെ -17 യുദ്ധവിമാനങ്ങള്‍ ഇന്ത്യ തകർത്തു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്.
സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ സ്ക്വാഡ്രണ്‍ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50-ലധികം സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങള്‍ തകർന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചക്ലാലയിലെ നൂർ ഖാൻ, ഷൊർക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂർ, സിയാല്‍കോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്കർദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ പാക് സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലുണ്ടായ നാശത്തിന്റെ വ്യാപ്തി ആക്രമണത്തിന് മുമ്ബും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളില്‍നിന്നും വ്യക്തമാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഭീകരരുടെ നിരവധി ബങ്കറുകളും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളും തകർന്നതായി വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ സൈനിക കമാൻഡർമാർ നേരത്തെ പറഞ്ഞിരുന്നു.
പാക്കിസ്ഥാൻ വ്യോമതാവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യൻ വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്ത നിരവധി പാക്കിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യ തെളിവുകള്‍ സായുധ സേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.