ടൂറിസം പരസ്യത്തിന് വഴി വിട്ട് കോടികള്‍:ജനങ്ങളെ പട്ടിണിയിലാക്കി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നു- പി ജമീല

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം മൂലം ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ പോലും വെട്ടിച്ചുരുക്കിയ ഇടതു സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം പരസ്യത്തിന്റെ പേരില്‍ കോടികള്‍ വഴിവിട്ട് ധൂര്‍ത്തടിച്ചത് ജനങ്ങളെ പട്ടിണിയിലാക്കി ഖജനാവ് കൊള്ളയടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. പരസ്യ രംഗത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള തുകയാണ് ഓരോന്നിനും അനുവദിച്ചിരിക്കുന്നത്.

Advertisements

രണ്ട് മിനിറ്റുള്ള 4 വീഡിയോയ്ക്ക് 39.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സെലിബ്രിറ്റികളെ വെച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചാല്‍ പോലും ഇതിന്റെ ചെറിയ ഒരംശം തുക പോലും ചെലവാകില്ലെന്നിരിക്കേ പകല്‍ക്കൊള്ളയാണ് നടന്നിരിക്കുന്നത്. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം രൂപയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി പതിമൂന്ന് ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി മാത്രം നിരുത്തരവാദപരമായി രണ്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ പേരിലും കോടികളാണ് ധൂര്‍ത്തടിക്കുന്നത്. ഇനിയൊരവസരം ലഭിക്കുമോ എന്നു പ്രതീക്ഷ ഇല്ലാത്തതിനാല്‍ കിട്ടിയ അവസരം ധൂര്‍ത്തടിച്ചും ആഘോഷിച്ചും അര്‍മാദിക്കുകയാണ് സര്‍ക്കാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാരിന് ജനങ്ങളുടെ ക്ഷേമത്തിലോ പുരോഗതിയിലോ യാതൊരു താല്‍പ്പര്യമോ പ്രതിബദ്ധതയോ ഇല്ല. അഴിമതി, സ്വജനപക്ഷപാതം, നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും തുടങ്ങി സര്‍വ മേഖലയിലും സമ്പൂര്‍ണ പരാജയമാണെന്ന് അനുദിനം തെളിയിക്കുകയാണ് ഇടതു സര്‍ക്കാര്‍. ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ കെല്‍പ്പില്ലാത്തതിനാല്‍, പഴയ രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സേനയെ ഒന്നാകെ നിരത്തിലിറക്കി ഗതാഗതം നിയന്ത്രിച്ച് റോഡിലൂടെ ചീറി പായുകയാണ് മന്ത്രിമാര്‍. ഇടതുപക്ഷ സര്‍ക്കാരിലെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പോലും സ്വേച്ഛാധിപതികളെ അനുകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊറുതി മുട്ടിയ ജനത ജനാധിപത്യ മാര്‍ഗത്തിലൂടെ സ്വേച്ഛാധിപതികളെ തൂത്തെറിയുന്ന കാലം വിദൂരമല്ലെന്നും പി ജമീല ഓര്‍മിപ്പിച്ചു.

Hot Topics

Related Articles