ദില്ലി: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2000-ത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999-ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു അദ്ദേഹം.