വത്തിക്കാൻ സിറ്റി: പത്രോസിന്‍റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും.സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും.
മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്‍റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കിടയില്‍ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക.
വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാള്‍മാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. മാർപാപ്പയെ പാലിയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും.
തുടർന്ന് പാപ്പായുടെ മേല്‍ കർത്താവിന്‍റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാള്‍ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്‍റെ അനുഗ്രഹം പ്രാർഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും മാർപാപ്പ മോതിരം സ്വീകരിക്കുക. മെത്രാൻ കർദിനാളായിരിക്കും മാർപാപ്പയ്ക്ക് ഇതു നല്‍കുക.
പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാർപാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീർവദിക്കും. തുടർന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും.
അതിനുശേഷം മാർപാപ്പ സുവിശേഷ സന്ദേശം നല്‍കുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്യും. സ്ഥാനാരോഹണച്ചടങ്ങില്‍ ഇന്ത്യയുള്‍പ്പെടെ നൂറിലേറെ ലോകരാജ്യങ്ങളില്‍നിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.