വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലന്ന് സൈന്യം ; ഇന്ത്യ- പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ല; ഓപ്പറേഷന്‍ സിന്ദൂറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം 

ദില്ലി: ഇന്ത്യ – പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ലെന്ന് സ്ഥിരീകരണം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാകിസ്ഥാനും തീരുമാനിച്ചു. ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

Advertisements

ഓപ്പറേഷന്‍ സിന്ദൂറിലെ സേനയുടെ പോരാട്ട വീര്യം, ലക്ഷ്യം ഭേദിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പങ്കിട്ടാണ് സൈന്യം ഈ പുതിയ വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റ് തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എതിരാളിയുടെ വരും തലമുറകള്‍ക്ക് പോലും മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്നാണ് വെസ്റ്റേണ്‍ കമാന്‍ഡ് പുറത്തുവിട്ട വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ഇന്ന് വീണ്ടും ഇന്ത്യ- പാക് ഡിജിഎംഒ തല ചര്‍ച്ച നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയിലെ ധാരണകള്‍ തുടരും. ഇതിന് കാലപരിധി നിശ്ചിയിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. 

ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായിട്ടുണ്ടെന്നാണ് നേരത്തെ പാക് സൈനിക വൃത്തങ്ങള്‍ പാക് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിന്ധു നദി ജല കരാർ പുനരുജ്ജീവിപ്പിക്കണമെന്ന നിലപാട് പാകിസ്ഥാൻ ആവർത്തിക്കുന്നുണ്ടെങ്കിലും തീവ്രവാദ സ്പോൺസറിംഗ് നിർത്താതെ പുനരാലോചനയില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനും ഇതേ വഴി സ്വീകരിക്കുന്നത്. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലാണ് സംഘം. ബിലാവല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളിലാകും പര്യടനമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമത്താവളം സന്ദർശിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സിയാൽക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയിരുന്നു. ഇന്ത്യയെ എതിരാളി വികലമായി അനുകരിക്കുന്നുവെന്നാണ് പാക് നീക്കങ്ങളിലുയരുന്ന പരിഹാസം.

Hot Topics

Related Articles