മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു കൊന്നു. അമ്മ നോക്കി നിൽക്കയാണ് ക്രൂര കൊലപാതകം. സംഭവത്തിൽ 30 കാരിയായ അമ്മയും 19കാരനായ കാമുകനും അറസ്റ്റിൽ. റീന ഷെയ്ക്ക്, ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.
തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് കൊടും ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ നിന്നാണ് രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കൊലപാതക വിവരം സമ്മതിച്ചത്. ഇതിന് പിന്നാലെ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.