മുംബൈ : പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലാത്ത ഹേര ഫേരി 3 ല്‍ നിന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുതിര്‍ന്ന നടന്‍ പരേഷ് റാവല്‍ അപ്രതീക്ഷിതമായി പിന്മാറിയതാണ് ബോളിവുഡില്‍ ഏതാനും ദിവസങ്ങളായി ചൂടേറിയ ചര്‍ച്ചാവിഷയം.അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും അക്ഷയ് തന്നെയാണ്. പിന്മാറ്റത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്‍റെ നിര്‍മ്മാണ കമ്ബനിയായ കേപ്പ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലില്‍ നിന്ന് 25 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തനിക്ക് ലഭിച്ച തുക പലിശയും ചേര്‍ത്ത് പരേഷ് റാവല്‍ മടക്കി നല്‍കിയിരിക്കുകയാണ്.
ഹേര ഫേരി 3 ലെ റോളിന് പരേഷ് റാവലിന് നിശ്ചയിച്ചിരുന്ന പ്രതിഫലം 15 കോടിയാണ്. എന്നാല്‍ സൈനിംഗ് എമൗണ്ട് ആയ 11 ലക്ഷം മാത്രമേ ഇതില്‍ പരേഷ് റാവലിന് കേപ്പ് ഓഫ് ഗുഡ് ഫിലിംസ് നല്‍കിയിരുന്നുള്ളൂ എന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 11 ലക്ഷവും 15 ശതമാനം പലിശയും ഒപ്പം പിന്മാറിയതിന് ഒരു അധിക തുകയും ചേര്‍ത്താണ് പരേഷ് റാവല്‍ കമ്ബനിക്ക് മടക്കി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലത്തിലെ ബാക്കി തുകയായ 14.89 കോടി രൂപ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം നല്‍കും എന്നായിരുന്നു കരാര്‍. പ്രധാന ചിത്രീകരണം അടുത്ത വര്‍ഷം മാത്രം ആരംഭിക്കുന്ന ഹേര ഫേരി 3 തിയറ്ററുകളിലെത്താന്‍ പിന്നെയും വൈകും. ബാക്കി തുക ലഭിക്കാന്‍ അത്രയും വൈകും എന്നതാണ് പരേഷ് റാവലിന്‍റെ പിന്മാറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്ഷയ് കുമാറിന്‍റെ ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ സംവിധാനവും പ്രിയദര്‍ശന്‍ ആണ്. ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന സിനിമയിലും പരേഷ് റാവല്‍ അഭിനയിച്ചിരുന്നു.
മലയാള ചിത്രം റാംജി റാവിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു 2000 ല്‍ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയ ഹേര ഫേരി. റാംജി റാവില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച മാന്നാര്‍ മത്തായിയുടെ മാതൃകയില്‍ പ്രിയദര്‍ശന്‍ സൃഷ്ടിച്ച ബാബുറാവു ഗണ്‍പത് റാവു ആപ്തെ എന്ന കഥാപാത്രത്തെയാണ് പരേഷ് റാവല്‍ ഈ ഫ്രാഞ്ചൈസിയില്‍ അവതരിപ്പിച്ചത്. 2000 ല്‍ പുറത്തെത്തിയ ഹേര ഫേരിയിലും 2006 ല്‍ പുറത്തെത്തിയ ഫിര്‍ ഹേര ഫേരിയിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ച പരേഷ് റാവല്‍ പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഫിര്‍ ഹേര ഫേരി സംവിധാനം ചെയ്തത് നീരജ് വോറ ആയിരുന്നു.