ചെന്നൈ : അജിത് ചിത്രത്തിലെ പാട്ടുകള്‍ക്ക് എതിരായി ഇളയരാജ നല്കിയ ഹർജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പവകാശ ലംഘന പരാതിയിലാണ് ഇടക്കാല ഉത്തരവ്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ മൂന്ന് പാട്ടുകളിലാണ് പരാതി നല്‍കിയത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിർമാതാക്കള്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയില്‍ പറഞ്ഞിരുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. യഥാർത്ഥ അവകാശികളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കള്‍ നേരത്തെ കോടതിയെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രില്‍ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി തിയറ്ററുകളില്‍ എത്തിയത്. ഏപ്രില്‍ 15ന് ഇളയരാജ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങള്‍ ഉപയോഗിച്ചു എന്നായിരുന്നു പരാതി. നഷ്ടപരിഹാരമായി 5 കോടി നല്‍കണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മുന്‍പും തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നിരുന്നു.


