ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ആലപ്പുഴ സൗത്ത് സി.ഐ അപമാനിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ സി.ഐ വിനീഷ് മോശമായ രീതിയിൽ പെരുമാറുകയും വസ്ത്രത്തിൽ കയറിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു.
ഒരു വനിതയോട്, അതും ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹിയോട് പൊലീസ് ഉദ്യോഗസ്ഥൻ സ്വീകരിച്ച നിയമലംഘനം നിയമവാഴ്ചയ്ക്കും സ്ത്രീയുടെ അന്തസിനും ജനാധിപത്യ മൂല്യങ്ങൾക്ക് എതിരുമാണെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവം വലിയ മാനസിക ബുദ്ധിമുട്ടും പൊതുസമൂഹത്തിന് മുന്നിൽ അപമാനം സൃഷ്ടിച്ചുവെന്നും അരിതാ ബാബു പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.


