അറബിക്കടലിൽ ചരിഞ്ഞ ചരക്ക് കപ്പലിൽ ഇന്നും രക്ഷാ പ്രവർത്തനം തുടരും: കപ്പൽ അപകട നില തരണം ചെയ്തതായി റിപ്പോർട്ട്

കൊച്ചി : കേരള തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ ചരക്ക് കപ്പലിൽ ഇന്നും രക്ഷാ പ്രവർത്തനം തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ എംഎസ്‌ഇ എല്‍സ 3 എന്ന കപ്പല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്കു കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്.
കോസ്റ്റ് ഗാര്‍ഡിന്‍റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച്‌ കടലില്‍ തന്നെ തുടരുകയാണ്. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാല്‍ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച്‌ ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
കേരള ഫീഡർ എന്ന് അറിയപ്പെടുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്ബനിയുടെ കണ്ടെയ്‌നർ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചത്. തൂത്തുക്കുടിയില്‍ നിന്നാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ കടല്‍ക്ഷോഭം ഉണ്ടാവുകയും കപ്പലിന്റെ വലതുഭാഗത്ത് അടുക്കിയിരുന്ന കണ്ടെയ്‌നറുകള്‍ മറിയുകയുമായിരുന്നു. ഇതോടെ കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞു.
റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും ഫിലിപ്പിനോ, ജോർജിയ, ഉക്രൈൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ലെനോവിച്ച്‌ അല്‍വിൻ ആർസെനല്‍, ബ്രൂസാസ് ആന്റോളിൻ, കോർണി ഒലെസ്‌കില്‍, ഗ്യൂയിക്കോ ജോവിത്പിൻലാക്, ബാർബെറോ, ഹോർഡി അയോവ്, അല്‍മാസെൻ, ക്വീന്റാനിയ കാസ്റ്റനെഡ, റോളോ, നസ്രറിത, ബ്രോണ്‍, ഗ്രാൻഡെ, വെല്‍സ്‌കോ, എന്റിറോ, സ്വീകിറ്റോ, മനിയോഗോ, സിസോണ്‍, മാർക്വീസ്, അല്‍മാഡെൻ, പാങ്കൻ എന്നിവരാണ് കപ്പലിലെ ജീവനക്കാർ.

Advertisements

Hot Topics

Related Articles