തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനിൽ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പിടിച്ചു പറിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയിൽ . മര്യാപുരം സ്വദേശി ബിച്ചു എന്നു വിളിക്കുന്ന ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് നെയ്യാറ്റിന്‍കരയിലെ കവര്‍ച്ച. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്പിലെത്തിയ പ്രതികള്‍ ജീവനക്കാരനിൽ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു.
തലേ ദിവസം പുലര്‍ച്ച മൂന്നു മണിയോടെ പൊഴിയൂര്‍ ഉച്ചക്കട പമ്പിൽ നിന്ന് സമാനമായി രീതിയിൽ 8500 രൂപ കവര്‍ന്നെന്നും പൊലീസ് അറിയിച്ചു. പേട്ടയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയത്. പൊഴിയൂര്‍ പൊലീസാണ് പ്രതികളെ കൊച്ചുവേളിയിൽ നിന്ന് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവര്‍ക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.