മലപ്പുറം: കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചുവെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കേന്ദ്ര മന്തരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
കൃത്യമായ ലക്ഷ്യബോധമുള്ള നേതാവാണ് നിതിൻ ഗഡ്കരി. തകർച്ച അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതല്‍ ഇടപെടലുണ്ടാകും. ദേശീയപാതയുടെ കാര്യത്തിൽ ജനങ്ങളെ വിഡ്ഡികളാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇവിടെ ഒൻപത് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടില്ലായെന്ന് നാട്ടുകാർക്കറിയാം. അടിസ്ഥാന സൗകര്യങ്ങൾ ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. സിപിഎമ്മുകാർ ചെയ്യുന്നത് കോമഡി ഷോയാണ്. ഇതുവരെ സിപിഎമ്മിന്റെ മരുമകൻ പറഞ്ഞത് ഞങ്ങൾ ചെയ്ത താണെന്നായിരുന്നു. കുഞ്ഞാലിക്കുട്ടി തന്നെ നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.