കൊച്ചി, : പ്രകൃതിയോടിണങ്ങിയുള്ള ആഡംബര ടൂറിസം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച സന്താരി റിസോർട്സ് പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. പ്രമുഖ ധനകാര്യ, ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ആണ് സന്താരി റിസോർട്സ്. ലോകമെമ്പാടും സുസ്ഥിര ജീവിതരീതികളും പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളും തേടി ഭാവിയിൽ ആളുകൾ വരുമെന്ന് കാൽനൂറ്റാണ്ട് മുൻപേ നടത്തിയ ദീർഘദർശിത്വമാണ് സന്താരി റിസോർട്സിനെ വ്യത്യസ്തമാക്കിയത്. പ്രകൃതിയോടിണങ്ങിയുള്ള യാത്രകൾക്ക് ആഡംബരസ്വഭാവമുണ്ടാവുകയില്ലെന്ന പൊതുധാരണ പൊളിച്ചെഴുതിയത് സന്താരി റിസോർട്സ് ആണ്. ആഡംബരഹോട്ടലുകൾ പ്രകൃതിക്കും പരിസ്ഥിതിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് എന്ന തെറ്റിദ്ധാരണ മാറ്റാനും സന്താരി റിസോർട്സിന് കഴിഞ്ഞു. കടലും കായലും മലനിരകളും ഉൾപ്പെടെ, കേരളത്തിന്റെ എല്ലാ പരിസ്ഥിതി വൈവിധ്യങ്ങളെയും ടൂറിസവുമായി കൂട്ടിയിണക്കിയാണ് പ്രാരംഭകാലം മുതൽ സന്താരി റിസോർട്സ് പ്രവർത്തിക്കുന്നത്.




കേരളത്തിന്റെ പ്രാദേശിക, ഭൗമ വൈവിധ്യങ്ങൾ മുഴുവൻ ആവിഷ്കരിച്ചിട്ടുള്ള മൂന്ന് വ്യത്യസ്ത റിസോർട്ടുകളാണ് സന്താരിക്കുള്ളത്. തേക്കടിയിലെ പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാർഡമം കൗണ്ടി ബൈ സന്താരി, മധ്യകേരളത്തിൽ വേമ്പനാട് കായലിനരികെ സഞ്ചാരികളെ കാത്തിരിക്കുന്ന ഹൗസ്ബോട്ട് സന്താരി റിവർസ്കേപ്സ്, മാരാരിക്കുളത്തെ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന സന്താരി പേൾ ബീച്ച് റിസോർട്ട് എന്നിവയാണ് അവ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള ഫോർ സ്റ്റാർ റിസോർട്ട് തുടങ്ങിയത് സന്താരിയാണ്. കൂടാതെ സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് പഗ് (പ്രാക്ടീസസ് അണ്ടർ ഗൈഡ്ലൈൻസ്) സർട്ടിഫിക്കേഷനും അർഹത നേടി. റ്റോഫ്ടൈഗർസ് എന്ന അന്താരാഷ്ട സ്ഥാപനമാണ് ഈ അംഗീകാരം നൽകുന്നത്.
കേരളത്തിന് പുറമെ കോസ്റ്റ റിക്കയിൽ 40 ഏക്കർ വിശാലമായ സന്താരി റിസോർട്ട് ആൻഡ് സ്പായും പ്രവർത്തിക്കുന്നുണ്ട്. സുസ്ഥിര വിനോദസഞ്ചാരത്തിന് നൽകുന്ന ഉന്നതതല സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനമാണിത്. ഗുണനിലവാരത്തിലും സേവനമികവിലും ഇതേ മാനദണ്ഡങ്ങൾ തന്നെയാണ് കേരളത്തിലെ റിസോർട്ടുകളിലും സാന്താരി അവതരിപ്പിച്ചിട്ടുള്ളത്.
വ്യത്യസ്തമായ ആശയങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഒത്തുകൂടുന്ന ഇടങ്ങളായിട്ടാണ് സന്താരി റിസോർട്ടുകളെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക്, കേരളത്തിലെ പ്രാദേശിക ജനവിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള അവസരവും ഒരുക്കിനൽകുന്നു. കാഴ്ചകൾ കണ്ടുനടക്കുന്നതിനപ്പുറം, സാംസ്‌കാരിക, പാരമ്പര്യങ്ങൾ അനുഭവിച്ചറിയാനും ഇവിടുത്തെ ജീവിതരീതികളും ഭക്ഷണശൈലിയും ചരിത്രപ്രാധാന്യവും തിരിച്ചറിയാനും സന്താരി റിസോർട്സ് വേദിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്താരി റിസോർട്സിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പുനഃരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജത്തിന്റെ ഭൂരിഭാഗവും സോളാർ എനർജി സ്വയം ഉല്പാദിപ്പിക്കുന്നു. സഞ്ചാരികൾക്കായി ഇലക്ട്രിക്ക് വാഹന ചാർജിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കർഷകരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളും നടപ്പിലാക്കിവരുന്നു എന്നതും ശ്രദ്ധേയമാണ്.