തിരുവനന്തപുരം: എംഎസ്‌സി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ മുങ്ങിയതിന് പിന്നാലെ കടലില്‍ ഒഴുകിയ കണ്ടെയ്‌നറുകളില്‍ ചിലത് തിരുവനന്തപുരം തീരദേശത്ത് കണ്ടെത്തി. വര്‍ക്കല അയിരൂര്‍ ഭാഗത്തും പാപനാശം ബീച്ചിലും ഇടവ മന്ത്ര ഭാഗത്തും അഞ്ചുതെങ്ങിലും മുതലപ്പൊഴി താഴംപള്ളി ഭാഗത്തുമാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍ തിരയില്‍ അടിച്ചുകയറുകയായിരുന്നു. കണ്ടെയ്‌നറിനകത്തുള്ള ഭാഗങ്ങള്‍ ഒഴുകി നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന പാഴ്‌സലുകളും ചാക്കുകളും തീരത്ത് അടിഞ്ഞു കയറി. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് ഇടവ മാന്ത്ര ഭാഗത്ത് കണ്ടത്. പുലർച്ചെ മൂന്നുമണിയോടെയാണ് ഇവിടെ കണ്ടെയ്നർ കണ്ടത്. വർക്കല ഓടയം ബീച്ചിന് സമീപവും തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. കണ്ടെയ്നറുകൾ തകർന്ന നിലയിലാണ് തീരങ്ങളിൽ എത്തിയത്. വർക്കല ടൂറിസം പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെയ്നറിനെ കയറു കെട്ടി കരയിലേക്ക് കയറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞിരുന്നു. അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് സംശയിക്കുന്നവയില്‍ ഒരു കാരണവശാലും തൊടരുത് എന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കപ്പലില്‍ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 73ല്‍ കാലി കണ്ടെയ്‌നറുകള്‍ ആണ്. എന്നാല്‍ 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ഉണ്ട്. ഇവയില്‍ ചിലതില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന വെള്ളം ചേര്‍ന്നാല്‍ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമായ രാസവസ്തുവും ഉണ്ട്. കപ്പലിലെ ഇന്ധനവും ചോര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ത്തന്നെ 112ല്‍ വിളിക്കാനും മുന്നറിയിപ്പുണ്ട്. അധികൃതര്‍ വസ്തുക്കള്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. 200 മീറ്റര്‍ എങ്കിലും ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണം.
കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.