ബൈക്കിന്റെ സിസി അടക്കാൻ 1500 രൂപ നൽകിയില്ല; വണ്ടിപ്പെരിയാറിൽ 65കാരനായ പിതാവിനെ കൊലപ്പെടുത്തി 26കാരനായ മകൻ

കുമളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്പില്‍ മോഹനനെ (65) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന്‍ വിഷ്ണു (26) വിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisements

ഞായറാഴ്ച്ചയാണ് കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വിഷ്ണു  വീട്ടിലെത്തുകയും ബൈക്കിന്റെ സി.സി അടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. 1500 രൂപ വിഷ്ണു സി.സി. അടക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷ്ണുവിന്റെ അമ്മ കുമാരി ഇരുവരും തമ്മിലുള്ള വഴക്ക് തീര്‍ത്ത ശേഷം കുളിക്കാനായി പോയി. അമ്മ തിരികെ എത്തിയപ്പോള്‍ മോഹനന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. വഴക്കിനിടയില്‍ അച്ഛന്‍ വീണു എന്നും  അനക്കമില്ല എന്നും അമ്മയോട് വിഷ്ണു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തി.  

മോഹനന്റെ മകള്‍ ധന്യയും ഭര്‍ത്താവും എത്തി മോഹനനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. മോഹനനെ കിടത്തിയിരുന്ന കട്ടിലിന് താഴെ രക്തം വാര്‍ന്നത് തുണിയിട്ട് മൂടിയിരിക്കുന്നത് കണ്ട നാട്ടുകാര്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 

പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ആളുകളെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിലാണ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.  മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. 

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. വാക്കുതര്‍ക്കത്തിനിടയില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്റെ തല നാലുതവണ ഇടിച്ചു എന്നാണ് വിഷ്ണു പൊലീസില്‍ മൊഴി നല്‍കിയത്.  വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. സുവര്‍ണ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Hot Topics

Related Articles