തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയോര മേഖലയായ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിൻ്റെ നീക്കം. സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന വിഷയങ്ങളിലൊന്നാണ് വന്യജീവി ശല്യം. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് സ്ഥാപിക്കാനും സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജനത്തോട് പറഞ്ഞുനിൽക്കാനും പറ്റുന്ന നിലപാടാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ചിരിക്കുന്നത്.
ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ പിവി അൻവർ ഉന്നയിച്ച വിമർശനം മലയോര മേഖലയിലെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യപ്പെടുകയെന്നും അവരുടെ പ്രതിനിധിയായിരുന്നു വിഎസ് ജോയിയെന്നും പ്രസ്താവിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വം മലയോര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നുമായിരുന്നു അദ്ദേഹം വിമർശിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിന് പ്രാധാന്യമേറുന്നത്.