കോട്ടയം : സ്കൂൾ അധ്യാനവാരത്തിന്റെ ഭാഗമായി ഗതാഗത വകുപ്പ് നൽകിയ ഉത്തരവ് പ്രകാരം കോട്ടയം ആർടിഒയുടെ നിർദ്ദേശപ്രകാരം കോട്ടയം താലൂക്കിൽ ‘സുരക്ഷിത വിദ്യാരംഭം 2025’ എന്ന സ്കൂൾ ബസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടിയും വാഹന പരിശോധനയും ഇന്ന് രാവിലെ മുതൽ മണർകാട് പള്ളി ഓഡിറ്റോറിയത്തിലും മൈതാനത്തുമായി നടന്നു. പരിശീലന പരിപാടി കോട്ടയം ജോയിന്റ് ആർടിഒ ചുമതലയുള്ള കോട്ടയം എംവിഐ റോഷൻ സാമുവൽ ഉദ്ഘാടനം ചെയ്തു. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ ആശാകുമാർ പരിശീലന ക്ലാസുകൾ നൽകി.
ഫയർ എക്സിറ്റ്, വിദ്യാവാഹൻ ആപ്ലിക്കേഷൻ എന്നിവയെ കുറിച്ച് എഎംവിഐമാരായ ജോർജ് വർഗീസ്, മധുസൂദനൻ എന്നിവർ ക്ലാസ്സ് നയിച്ചു. കോട്ടയം താലൂക്കിലെ തന്നെ 400 ലധികം വാഹനങ്ങൾ പരിശോധനയ്ക്കായി എത്തി. പരിശീലന പരിപാടിയിൽ കോട്ടയം എംവിഐമാരായ മെൽവിൻ ക്ലീറ്റസ്, രാജേഷ് കുമാർ, രഞ്ജിത്ത് എസ്, എഎംവിഐമാരായ ഉമാനാഥ്, ശ്രീകുമാർ, സജിത്ത്, വിമൽ,റെഥുൻ, ശരത്, എന്നിവർ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ ബസ് പരിശോധിച്ചതിൽ നിന്ന് ചില വാഹനങ്ങൾക്ക് കേടുപാടുകൾ കണ്ടെത്തുകയും കേടുപാടുകൾ തീർത്ത് വീണ്ടും പരിശോധനയ്ക്ക് ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തു.