മൂന്നാർ: ചായക്ക് ചൂടുപോരെന്ന് ആരോപിച്ച് ഹോട്ടലിലെ സപ്ലൈയറുടെ മുഖത്ത് ചായ ഒഴിച്ചവർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദനം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് തടഞ്ഞു നിർത്തിയാണ് അക്രമികൾ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (24), ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവർക്കാണ് മർദനമേറ്റത്.
മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലിൽ കയറിയത്. എന്നാൽ ഓർഡർ ചെയ്തെത്തിയ ചൂടുചായ തണുത്ത് പോയെന്ന് പറഞ്ഞ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. തുടർന്ന് സംഘം ബസിൽ കയറി സ്ഥലം വിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഹോട്ടൽ ജീവനക്കാർ വെറുതെ വിട്ടില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയിൽ വെച്ച് ബൈക്കിലെത്തിയ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.