റിയാദ്: ഹജ്ജിന് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയിൽനിന്നുൾപ്പടെ തീർഥാടക ലക്ഷങ്ങൾ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 122,518 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാർകേഷൻ പോയിൻറുകളിൽനിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാർ സൗദിയിലെത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീർഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കൊച്ചിയിൽനിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മുഴുവൻ ഹാജിമാരും നേരത്തെ മക്കയിൽ എത്തിയിരുന്നു. കൊച്ചിയിൽനിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അർദ്ധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തി. അവസാന വിമാനത്തിൽ 289 തീർഥാടകരാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ മക്കയിലെ താമസകേന്ദ്രത്തിൽ എത്തിച്ചു. അവസാനം എത്തിയ ഹാജിമാർക്ക് മക്കയിലെ സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻറുകളിൽനിന്നായി 16,341 ഹാജിമാരാണ് മക്കയിലെത്തിയത്.
ഇതിൽ ലക്ഷദ്വീപിൽനിന്നുള്ള 112 തീർഥാടകരും ഉൾപ്പെടും. തമിഴ്നാട്, മാഹി, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഏതാനും ഹാജിമാരും സംസ്ഥാന ഹാജിമാരോടൊപ്പം യാത്ര ചെയ്തു. ഇന്ത്യൻ തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസ് ശനിയാഴ്ച വൈകിട്ടോടെ നിർത്തിവെച്ചു. റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ സൗദി ട്രാഫിക് വിഭാഗത്തിെൻറ നിർദേശാനുസരണമാണ് നടപടി. ഹജ്ജിന് ശേഷം ദുൽഹജ്ജ് 15 വൈകീട്ടോടെ ബസ് സർവിസ് പുനരാരംഭിക്കും.
വരും ദിനങ്ങളിൽ ഹാജിമാർ അടുത്തുള്ള പള്ളികളിലെ നമസ്കാരവും പ്രാർഥനയുമായി താമസകേന്ദ്രങ്ങളിൽ കഴിയും, ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതുവരെ. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാൻ ബാക്കിയുള്ളത്. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കം. ചൊവ്വാഴ്ച രാത്രി മുതൽ ഹാജിമാർ മിനയിലേക്ക് തിരിക്കും. കേരളത്തിൽനിന്നുള്ള ഹാജിമാർ ഹജ്ജിനുള്ള ഒരുക്കങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.