പരിസ്ഥിതി ദിനത്തിൽ പ്രത്യാശയോടെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം : പക്ഷിപ്പനിക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു

കോട്ടയം : പക്ഷിപ്പനിയോടനുബന്ധിച്ചു പ്രവർത്തനം നിർത്തിവെച്ച മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെയും മൃഗസംരക്ഷണ വകുപ്പിൻ്റെയും അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഫാമിൽ മരത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ പരിസ്ഥിതിയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഏവർക്കും ഉണ്ടെന്നും വരുന്ന തലമുറയ്ക്ക് ശുദ്ധമായിട്ടുള്ള വായുവും പരിസ്ഥിതിയും കൈമാറുക എന്നത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഹേമലത പ്രേംസാഗർ പറഞ്ഞു.

Advertisements

വരുന്ന ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറികളും പൂക്കളും ഫാമിൽ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതിനു ഒരു പൊതു സംരംഭവും ഇതോടൊപ്പം ലോകപരിസ്ഥിതി ദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ മനോജ് കുമാർ പി കെ, അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ ലിനി ചന്ദ്രൻ, വെറ്റിനറി സർജൻ ഡോക്ടർ അജയ് കുരുവിള ഫാമിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു . പുതിയ പ്രതീക്ഷകളോടെ ഫാമിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് എല്ലാവിധ ആശംസകളും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നേർന്നു.

Hot Topics

Related Articles