നിലമ്ബൂർ: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം സർക്കാർ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്. കെഎസ്‌ഇബിയുടെ അനുവാദത്തോടെ നടക്കുന്ന സംഭവമാണെന്നും ഷൗക്കത്ത് ആരോപിച്ചു. വൈദ്യുതി കെണികള്‍ക്ക് കെഎസ്‌ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവർക്കാണ് പരുക്കേറ്റു.ഫുട്ബോള്‍ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കെഎസ്‌ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടാണ് കണക്ഷൻ കൊടുത്തിരുന്നത്. അനധികൃത ഫെൻസിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അനധികൃതമായി കെണിവെക്കാൻ കെഎസ്‌ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാർഥിയുടെ മരണത്തില്‍ സർക്കാർ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാല, രാജു പി. നായർ എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റോഡ് ഉപരോധിച്ചതിനെ തുടർന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനം പ്രവർത്തകർ തടഞ്ഞു.
പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തില്‍ വളരെ കുറച്ച് പോലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാർ പോലീസ് വാഹനം വളഞ്ഞതോടെ ഈ നീക്കം പരാജയപ്പെട്ടു. ഇതിനിടെ ഒരു യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ജിത്തുവിന്റെ മരണത്തില്‍ സർക്കാരിനെതിരെ വലിയ തുടർസമരങ്ങള്‍ക്കാണ് യുഡിഎഫ് ആലോചിക്കുന്നത്.