കൊച്ചി: വഴിക്കടവ് പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന വനം മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിലുണ്ടായ അപകടം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ നിഷ്‌ക്രിയമായി ഇരിക്കുന്ന വനം മന്ത്രി ഗൂഢാലോചന ആലോചിക്കുകയാണ്. വൃത്തികെട്ട ആരോപണമാണിത്. അതിനു കുടപിടിക്കുകയാണ് എം വി ഗോവിന്ദൻ. വനം മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട് നീലപെട്ടിയുമായി വന്നവർ ഇവിടെ ഗൂഢാലോചന ആരോപിക്കുകയാണ്. സർക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങളിൽ പ്രതിഷേധം സ്വാഭാവികമാണ്. എല്ലാ പാർട്ടിക്കാരും അതിലുണ്ടാകും. വൃത്തികെട്ട ആരോപണം ഉന്നയിക്കുകയാണ് വനം മന്ത്രി. അയാളുടെ കഴിവുകേടാണ് പറയുന്നത്. വനം വകുപ്പിന് ബന്ധമില്ലെങ്കിൽ എന്തിനാണ് മന്ത്രി പ്രതികരിക്കുന്നത്? മുൻപ് വന്യജീവി ആക്രമണം നടന്നപ്പോൾ മന്ത്രി ഫാഷൻ ഷോക്ക് പോയി. പ്രതി കോൺഗ്രസ് ആണെങ്കിൽ കുഞ്ഞിനെ യുഡിഎഫ് ഗൂഢാലോചന നടത്തി കൊന്നു എന്നാണോ പറയുന്നത്? മരിച്ചത് കോൺഗ്രസ് കുടുംബത്തിലെ കുട്ടിയാണ്. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്താണോ കെണിവെച്ചു പന്നിയെ പിടിക്കേണ്ടത്? പൊലീസും വനം വകുപ്പും എന്ത് ചെയ്യുകയായിരുന്നു? അന്വേഷണം നടക്കട്ടെ. പാലക്കാട് നീലപെട്ടി പിടിക്കാൻ പോയത് പോലെ ആകും ഇതും. രാജ്ഭവനിൽ ആർഎസ്എസ് നേതാവ് ഗുരുമൂർത്തി സംസാരിച്ച സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. എന്നാൽ സർക്കാർ മൗനം പാലിച്ചു. ഏറ്റവും ഒടുവിൽ കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. സർക്കാർ പ്രതിഷേധം അറിയിക്കാൻ തയ്യാറാണോ? അല്ലാത്ത പക്ഷം ബിജെപി സിപിഎം ബന്ധവം ആണത്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സർക്കാരിന് പേടിയാണ്. രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിൻ്റെ വേദിയാക്കരുതെന്നാണ് നിലപാട്. രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം പേടികൊണ്ടാണ്. ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരോടെല്ലാം പഞ്ച പുച്ഛമടക്കി ഇരിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ രാജഭവനെ രാഷ്ട്രീയ പ്രചാരണത്തിനും മതപ്രചരണത്തിനും ഉപയോഗിക്കാൻ സമ്മതിക്കില്ല. ദേശീയ പാത തകർന്നതിലും ഇതുതന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിമർശിച്ചു.