കോട്ടയം: കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് ജില്ലയിൽ നിന്നും നാടുകടത്തിയ പ്രതി വീണ്ടും ജില്ലയിലെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് പൊലീസ്. കോട്ടയം മണർകാട് സ്വദേശിയായ യുവാവിനെയാണ് മണർകാട് പൊലീസ് സംഘം കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മണർകാട് കുറ്റിയേക്കുന്ന് ഭാഗം സി.എസ്.ഐ പള്ളിയ്ക്കു സമീപം കിഴക്കേതിൽ വീട്ടിൽ പ്രവീൺ പി.രാജുവിനെ (പുട്ടാലു) യാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം മണർകാട് പൊലീസ് പിടികൂടിയത്. ലഹരി മരുന്ന് കച്ചവടം അടക്കം നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണ് പ്രവീൺ പി.രാജു. ഇയാൾക്കെതിരെ നേരത്തെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. എന്നാൽ, കാപ്പ നിയമം ലംഘിച്ച പ്രതി വീണ്ടും നാട്ടിൽ എത്തുകയും ഇവിടെ കറങ്ങി നടക്കുകയുമായിരുന്നു. ഇതു സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇൻസ്പെക്ടർ അനിൽ ജോർജ്, സെ്.ഐ കെ.ഒ രാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എൻ രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ രോഹിൽ രാജ്, അഭിലാഷ്, സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഒരു വർഷത്തേയ്ക്ക് നാടു കടത്തി; വീണ്ടും ജില്ലയിൽ കറങ്ങാനിറങ്ങി; നിരവധി ക്രിമിനൽകേസിൽ പ്രതിയായ യുവാവ്
