കോട്ടയം: ജാഗ്രത ന്യൂസും പനച്ചിക്കാട്ടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ജാഗ്രതയും തുണച്ചതോടെ കൈമോശം വന്ന പഴ്സ് ജെറിൻ മാത്യുവിന് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് ജെറിൻ മാത്യു തന്റെ നഷ്ടമായ പഴ്സ് തിരിച്ചറിഞ്ഞതും പനച്ചിക്കാട് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ സമീപിച്ച് പഴ്സ് ഏറ്റുവാങ്ങിയതും. കഴിഞ്ഞ ദിവസമാണ് കടുവാക്കുളത്തിനും പൂവൻതുരുത്തിനും ഇടയിൽ വച്ച് ആധാർ കാർഡും, ഡ്രൈവിംങ് ലൈസൻസും അടങ്ങിയ പഴ്സ് പനച്ചിക്കാട് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കളഞ്ഞ് കിട്ടിയത്. ഇതേ തുടർന്ന് ഇവർ ജാഗ്രത ന്യൂസ് ലൈവിനെ ബന്ധപ്പെടുകയും, ജാഗ്രത ന്യൂസ് ഇതു സംബന്ധിച്ചു വാർത്ത നൽകുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പനച്ചിക്കാട് കടുവാക്കുളം നടുവത്തറ വീട്ടിൽ ജെറിൻ മാത്യു ഹരിതകർമ്മ സേനാംഗങ്ങളെ ബന്ധപ്പെട്ട് നഷ്ടമായ പഴ്സ് തിരികെ വാങ്ങി.



