തൃശൂർ: മറ്റൊരാളുടെ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ദിവ്യയെ കൊലപ്പെടുത്തിയത് കറുത്ത ചരട് കഴുത്തിൽ മുറുക്കിയെന്ന് ഭർത്താവും പ്രതിയുമായ കുഞ്ഞുമോന്റെ മൊഴി. തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തിൽ നിന്ന് കറുത്ത ചരട് കണ്ടെത്തി. പ്രതിയായ ഭർത്താവ് കുഞ്ഞുമോനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കേസിൽ പീച്ചി കണ്ണാറ സ്വദേശി തെങ്ങലാൻ വീട്ടിൽ കുഞ്ഞിമോൻ (49) നെയാണ് വരന്തരപ്പിള്ളി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടിൽ ദിവ്യ (35) ആണ് കൊല്ലപ്പെട്ടത്. ദിവ്യ മരിച്ചു കിടക്കുന്നത് കണ്ടതായി ഇന്നലെ പൊലീസിലറിയിച്ചത് അമ്മൂമ്മ ശാന്തയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വരന്തരപ്പിള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശേഷം ദിവ്യയുടെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സംശയാസ്പദമായി കഴുത്തിൽ കറുത്ത പാട് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സയന്റിഫിക് ഓഫീസർ ലഷ്മി നടത്തിയ പരിശോധനയിൽ ദിവ്യയുടെ മരണം കൊലപാതകം ആണെന്ന സംശയം ബലപ്പെട്ടു. ഇതിനു ശേഷം ദിവ്യയുടെ ഭർത്താവ് പീച്ചി കണ്ണാറ സ്വദേശി തെങ്ങലാൻ വീട്ടിൽ കുഞ്ഞു മോനെ ചോദ്യം ചെയ്യുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാണെന്നും മരണം കൊലപാതകമാണെന്നും ഡോക്ടർ സ്ഥിതീകരിച്ചു.
വിശദമായി ചോദ്യം ചെയ്തപ്പോൾ ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയമുള്ളതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് കറുത്ത ചരട് ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്ന് കുഞ്ഞുമോനെ തെളിവെടുപ്പിനായി ദിവ്യയെ കൊലപ്പെടുത്തിയ വരന്തരപ്പിള്ളി കുട്ടേലിപ്പാടത്തുള്ള വാടക വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. കൊലപ്പെടുത്താനായി ഉപയോഗിച്ച ചരട് കുഞ്ഞുമോൻ പോലീസിന് കാണിച്ച് കൊടുക്കുകയും ചരട് കണ്ടെടുക്കുകയും ചെയ്തു. കൊലക്ക് ശേഷം ഇയാൾ ചരട് കുളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം കുഞ്ഞുമോനെ കോടതിയിൽ ഹാജരാക്കും. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാർ.പി.സി യുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.കെ.പി, എസ്.ഐ മാരായ അശോക് കുമാർ, പ്രദീപ് കുമാർ, എ.എസ്.ഐ അലീമ, എസ്.സി.പി.ഒ മാരായ മുരുകദാസ്, സലീഷ് കുമാർ, സജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.