ഒരേ കുഴിയിൽ വീണ കടുവയും നായയും ചങ്ങാതിമാരായതെങ്ങനെ? നായയെ കടുവ കൊന്നു തിന്നാതിരുന്നതെന്തുകൊണ്ട്? ആളുകളെ അമ്പരപ്പിച്ച ചോദ്യത്തിനു മറുപടി ഇതാ

കുമളി: കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലെ മഴക്കുഴിയിൽ വീണ കടുവ, അതേ കുഴിയിൽ വീണ നായയെ കൊന്നു തിന്നാതിരുന്നതെന്തുകൊണ്ട് ? വാർത്ത ടി വിയിലൂടെയും ഓൺലൈനുകളിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞവരൊക്കെയും ഉന്നയിക്കുന്ന ചോദ്യമിതാണ്. വണ്ടൻമേടു പഞ്ചായത്തിലെ കടുക്കാ സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആഴമേറിയ കുഴിയിലാണ് കടുവയും പട്ടിയും വീണ അത്യപൂർവ സംഭവമുണ്ടായത്. ഇരുവരും ഒരേ കുഴിയിൽ അഞ്ചു മണിക്കൂറോളം കഴിഞ്ഞിട്ടും രണ്ടു വയസുള്ള കടുവ തൻ്റെ ഇരയെ ആക്രമിച്ചതേയില്ല എന്നതാണ് ഏവരേയും അദ്‌ഭുതപ്പെടുത്തിയത്. പട്ടിയാകട്ടെ, ശത്രുവിൻ്റെ ബലം മനസിലാക്കാതെ നിർത്താതെ കുരയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും കടുവ ഭൂമിയോളം ക്ഷമിച്ചതിനു പിന്നിലെ രഹസ്യമെന്ത്? അപകടത്തിൽപെട്ടാൽ വന്യമൃഗങ്ങൾ സാധാരണ ആക്രമിക്കാറില്ലെന്ന് വിദഗ്ധർ പറയുന്നു. അപകടത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെടുക മാത്രമാണ് അപ്പോൾ അവൻ്റെ ചിന്ത – വിദഗ്ധർ ചൂണ്ടിക്കാട്ടി.
തേക്കടിയിൽ നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അനുരാജ് മയക്കുവെടി വച്ചാണ് കടുവയേയും പട്ടിയെയും രക്ഷപ്പെടുത്തിയത്. മയക്കുവെടിയേറ്റ കടുവ മയങ്ങാത്തത് പട്ടിയുടെ നിർത്താതെയുള്ള കുരമൂലമാണെന്നു മനസിലാക്കിയാണ് പട്ടിക്കും മയക്കു വെടിവച്ചത്. മയങ്ങിവീണ കടുവയെ വലയ്ക്കുളളിലാക്കി കുഴിയിൽ നിന്നു കയറ്റി വാഹനത്തിലെ കൂട്ടിലിട്ടു. തുടന്ന് തേക്കടിയിൽ കൊണ്ടുപോയി ചെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുകയായിരുന്നു. നായയെ മയക്കുവെടിക്കൊന്നും തളയ്ക്കാനായില്ല. കുഴിയിൽ നിന്നു കയറ്റിയപ്പോൾ അവൻ ഓടിപ്പോയി.

Advertisements

നായയും വന്യ മൃഗവും
കുരുക്കിൽപെട്ട സംഭവം
മുൻപും
കർണാടകയിൽ 2021ൽ പുള്ളിപ്പുലിയും നായയും ഒരു കൃഷിയിടത്തിലെ ശുചിമുറിയിൽ പെട്ടു പോയ കഥയുണ്ട്. ഇരുവരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തിയെന്നല്ലാതെ ആക്രമിച്ചില്ല. തങ്ങൾ ഇരുവരുടേയും ലക്ഷ്യം രക്ഷപ്പെടുക എന്നതു മാത്രമാണെന്ന് പുള്ളിപ്പുലി മനസിലാക്കിയതുപോലെയായിരുന്നു പെരുമാറ്റരീതി. പട്ടിയെ കൊന്ന് വിശപ്പകറ്റിയിരുന്നാൽ കാര്യമില്ലെന്നും ഇപ്പോൾ ആവശ്യം ഒത്തുപിടിച്ച് രക്ഷപ്പെടുകയാണെന്നും അവർ ഉറച്ചതുപോലെ ഐക്യമത്യം മഹാബലം.
കടുവകൾ സാധാരണ
നായകളെ വേട്ടയാടാറില്ലെന്നും എന്നാൽ പുള്ളിപ്പുലി നേരെ തിരിച്ചാണെന്നും അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്.

Hot Topics

Related Articles