സിനിമാ താരങ്ങളുടെ പ്രതിഫലം അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും കൗതുകം ഏറെയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. ഓരോ സിനിമയ്ക്കും വ്യത്യസ്ത പ്രതിഫലമാകും ഇവർ ഈടാക്കുന്നത്. സ്റ്റാർഡം അനുസരിച്ചും പ്രതിഫലത്തിൽ വലിയ മാറ്റങ്ങൾ വരാറുണ്ട്. ഈ അവസരത്തിൽ 2022ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് വേണ്ടി ഒരു നടൻ വാങ്ങിയ പ്രതിഫല കണക്ക് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
2022ൽ രാജമൗലിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ആർആർആർ ആണ് ആ ചിത്രം. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നിരവധി മുൻനിര താരങ്ങൾ അണിനിരന്നിരുന്നു. അതിലൊരാളാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ. വെങ്കിട്ടരാമ രാജു എന്ന കഥാപാത്രത്തെയാണ് അജയ് ദേവ്ഗൺ സിനിമയിൽ അവതരിപ്പിച്ചത്. അതും അതിഥി വേഷം. 8 മിനിറ്റ് മാത്രമായിരുന്നു അദ്ദേഹം സ്ക്രീനിൽ ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെറും 8 മിനിറ്റിന് വേണ്ടി 35 കോടി രൂപയാണ് പ്രതിഫലമായി അജയ് ദേവ്ഗൺ വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മിനിറ്റിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ സിനിമാ താരം എന്ന ഖ്യാതിയും അജയ് ദേവ്ഗണിന് സ്വന്തമാണ്. അതേസമയം, 50 സെക്കന്റിന് 5 കോടി രൂപ വാങ്ങുന്ന നയൻതാരയാണ് പ്രതിഫലത്തിൽ മുന്നിലുള്ള നടി. ഒരു പരസ്യത്തിന് വേണ്ടിയാണ് ഇത്രയും തുക നയൻതാര കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
1230 കോടിയാണ് ആർആർആറിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യ നെറ്റ് 782.2 കോടിയും ഇന്ത്യ ഗ്രോസ് 915.85 കോടിയുമാണ്. ഓവർസീസിൽ നിന്നും 314.15 കോടി രൂപയാണ് ആർആർആർ നേടിയതെന്നും ട്രാക്കിംഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് 2 ആണ് അജയ് ദേവ്ഗണിന്റേതായി തിയറ്ററുകളിൽ ഒടുവിൽ എത്തിയ ചിത്രം. സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.