കോട്ടയം: പാറേച്ചാലിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. തിരുവാതുക്കൽ സ്വദേശിയായ ഷമീറിനെയാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസിൽ കുടുക്കിയതെന്നാണ് പരാതി. എം.ഡി.എം.എ പിടികൂടിയ യുവാവ് സഞ്ചരിച്ചിരുന്ന കാറിനുള്ളിലുണ്ടായിരുന്നതിന്റെ പേരിലാണ് ഇയാളെ കേസിൽ കുടുക്കിയതെന്നാണ് പരാതി.
ആഴ്ചകൾക്കു മുൻപ് കോട്ടയം പാറേച്ചാലിൽ നിന്നും ചങ്ങനാശേരി സ്വദേശിയായ യുവാവിനെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ യുവാവിന് കാർ വാടകയ്ക്ക് നൽകിയിരുന്നത് ഷമീറായിരുന്നു. ഈ കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് ഷമീറിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും, ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിന് ശേഷം പൊലീസിനെ സ്വാധീനിച്ചാണ് ഷമീറിനെ വിട്ടയച്ചതെന്ന് വിവിധ മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചു. ഷമീറിനോട് മുൻ വൈരാഗ്യമുള്ള ചിലരാണ് ഇത്തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നിലെന്നാണ് ആരോപണം. ഇതേ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അടക്കം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആഴ്ചകൾക്ക് ശേഷം ഇയാളെ പ്രതിയാക്കി കള്ളക്കേസെടുക്കുകയായിരുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഷമീറിനെ കോടതിയിൽ ഹാജരാക്കി.
തന്നെ കള്ളക്കേസിൽ കുടുക്കിയതിന് എതിരെ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് ഷെമീർ ഇപ്പോൾ. ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷം പരാതി നൽകുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.