കപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍

തിരുവനന്തപുരം: കേരള തീരത്തെ ഗുരുതരമായ ഭവിഷ്യത്തിലേക്ക് തള്ളിവിടുന്ന തരത്തില്‍ അടിക്കടിയുണ്ടാകുന്ന കപ്പല്‍ അപകടങ്ങള്‍ സംബന്ധിച്ച് ദുരൂഹതയകറ്റാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. അപകടകരമായ രാസവസ്തുക്കള്‍ കയറ്റിയ കണ്ടയ്‌നറുകള്‍ വരെയുള്ള വലിയ കപ്പലുകളാണ് രണ്ടാഴ്ചക്കുള്ളില്‍ കേരള തീരത്ത് അപകടത്തില്‍ പെട്ടത്. കേരളത്തിന്റെ മല്‍സ്യസമ്പത്തിന് ഇത്തരം അപകടങ്ങള്‍ ഭീഷണിയാണ്. കണ്ടയ്‌നറുകളിലെ രാസമാലിന്യം തീരത്തണയുന്നതിലൂടെ തീരപ്രദേശങ്ങളില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമുണ്ടാക്കും. ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ട്. കരയിലെയും കടലിലെയും ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്നതുമായ അപകടത്തില്‍ കപ്പല്‍ മുതലാളിമാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കപ്പല്‍ മുതലാളിമാര്‍ തമ്മിലുള്ള കുടിപ്പകയുടെ ബാക്കിപത്രമാണോ ഈ അപകടമെന്നും വ്യക്തമാകേണ്ടതുണ്ട്. അതേസമയം, ഇ- മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമാണോയെന്നും ആശങ്കയുണ്ട്. ആഫ്രിക്കയിലെ ഉള്‍ക്കടലില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കമുള്ള രാസ മാലിന്യങ്ങളുമായെത്തുന്ന കപ്പലുകള്‍ മനപൂര്‍വ്വം മുക്കുന്നതും കത്തിക്കുന്നതും പതിവാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കൂടാതെ അപകടത്തില്‍പ്പെട്ട ഒരു കപ്പലിന് 25 വര്‍ഷവും മറ്റൊന്നിന് 28 വര്‍ഷവും കാലപ്പഴമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വന്‍ തുക ഇന്‍ഷുറന്‍സ് ഇനത്തില്‍ തട്ടിയെടുക്കാനുള്ള നീക്കമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. ആയതിനാല്‍ കടുത്ത നിയമ നടപടി ആവശ്യമായ ഗുരുതരമായ വിഷയത്തില്‍ സര്‍ക്കാരുകള്‍ നിസ്സംഗഭാവം നടിക്കുന്നത് ഏറെ ഭയാശങ്കയുണ്ടാക്കുന്നു. കാലപ്പഴക്കം ചെന്ന കപ്പലിന്റെ സുരക്ഷാ പരിശോധന വേണ്ട വിധം നടത്താതിരുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Advertisements

അതേസമയം ദുരിതത്തിലായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 കുടുംബങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കേവലം 1000 രൂപയും ആറ് കിലോ അരിയും സഹായമായി പ്രഖ്യാപിച്ചത് അപര്യാപ്തമാണ്. കപ്പല്‍ അപകടത്തെത്തുടര്‍ന്ന് വറുതിയിലായ മല്‍സ്യത്തൊഴിലാളികള്‍ ട്രോളിങ് നിരോധനം കൂടിയായപ്പോള്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലാണ്. അവരുടെ പ്രതിസന്ധി മറികടക്കാനാവശ്യമായ സഹായം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles