വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ നിർദ്ദേശിക്കാൻ കേരള കോൺഗ്രസ് ( എം )

കോട്ടയം :മിനച്ചിലാറ്റിൽ അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ പദ്ധതികൾക്ക് അടിയന്തരമായി രൂപം നൽകണമെന്ന് കേരള കോൺഗ്രസ് (എം) . ഇതിനായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം 21ന് കോട്ടയം പ്രസ് ക്ലബ്ബിൽ സിമ്പോസിയം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. ജില്ലയിലെ പ്രധാന നദികളായ മീനച്ചിലാർ, മണിമലയാർ എന്നീ നദികളുടെ സമീപവാസികൾ ഏതാനും വർഷങ്ങളായി തുടർച്ചയായ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

Advertisements

ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേ ഉൾപ്പെടെയുള്ള ഒട്ടനവധി റോഡുകളിൽ വെള്ളം കയറി ഗതാഗതം നിരന്തരം തടസ്സപ്പെടുന്നു. പാലാ, ഈരാറ്റുപേട്ട തുടങ്ങിയ പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ് . നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നതുമൂലം വ്യാപകമായ കൃഷി നാശമാണ് മഴക്കാലത്ത് ഉണ്ടാകുന്നത്. വീടുകളിൽ വെള്ളം കയറിയാലുണ്ടാവുന്ന ദുരവസ്ഥയും സാമ്പത്തിക നഷ്ടവും താങ്ങാവുന്നതിനും അപ്പുറമാണ്. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രായോഗികമായ പദ്ധതികൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നദികളിലും തോടുകളിലും ചെളിയും എക്കലും നിറഞ്ഞ ഏതാനും സ്ഥലങ്ങളിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ അവ നീക്കം ചെയ്‌തെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാൻ അത് പര്യാപ്തമായിട്ടില്ല. മീനച്ചിലാറ്റിലെ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നത് വേമ്പനാട്ടുകായലിലൂടെയാണ് . എന്നാൽ വേമ്പനാട്ടുകായലിന്റെ ആഴവും വിസ്തൃതിയും ഭയാനകമാംവിധം കുറഞ്ഞ് നദീജലം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കുന്നു. വേമ്പനാട്ടു കായലിന്റെ ജലസംഭരണ ശേഷി എൺപത് ശതമാനത്തിലേറെ നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന റിപ്പോർട്ടുകൾ ആശങ്കയോടെ മാത്രമേ കാണാനാവൂ .

വെള്ളം കടലിലേക്ക് സുഗമമായി ഒഴുകുന്ന തോട്ടപ്പള്ളി സ്പിൽവേ , അന്ധകാരനഴി, കൊച്ചി ബാർമൗത്ത്, ചെറുതും വലുതുമായ നിരവധി കാനങ്ങൾ എന്നിവിടങ്ങളിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കണം. നദികളിലും തോടുകളിലും കെട്ടിക്കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്യുകയും, അനധികൃത ആറ് തോട് കയ്യേറ്റങ്ങൾ നിയന്ത്രിക്കുകയും വേണം. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി, ഫിഷറീസ്, റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെയും ദുരന്ത നിവാരണ അതോറിറ്റിയെയും സംയോജിപ്പിച്ചുകൊണ്ട് വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

വിഷയത്തിന്റെ ഗൗരവാവസ്ഥയും നാളെകളിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്ക ഭീഷണിയും മുന്നിൽ കണ്ടു കൊണ്ടാണ് വെള്ളപ്പൊക്ക ദുരിതങ്ങൾക്കിരയായവരുടെ പ്രതിനിധികളെയും, വിഷയത്തിലെ വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയത്തിന് കേരള കോൺഗ്രസ് (എം) നേതൃത്വം നൽകുന്നത്. ഇവിടെ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഗവൺമെന്റിനു മുമ്പിൽ സമർപ്പിക്കുവാനും, തുടർ നടപടികൾക്ക് സർക്കാരിൽ സമ്മർദം ചെലുത്തുവാനും ഉദ്ദേശിക്കുന്നതായി ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു പറഞ്ഞു.

Hot Topics

Related Articles