ലക്ഷ്യമിടുന്നത് വമ്പൻ വ്യവസായികളെ മാത്രം; വാക്ക് ചാതുരിയിലും വൻ തട്ടിപ്പിലും സ്‌പെഷ്യലൈസേഷൻ; കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ്. കോട്ടയം നഗരത്തിൽ താമസിക്കുന്ന പ്രവാസി വ്യവസായിയുടെ പരാതിയിലാണ് കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ താമസിക്കുന്ന ഷാൻ പുതുക്കാട്ടിലിന് എതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തത്. കേസിൽ ജാമ്യത്തിലറങ്ങിയ ഷാൻ വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പാസ്‌പോർട്ട് തിരികെ വാങ്ങുന്നതിനായി കോടതിയിൽ അപേക്ഷയും സമർപ്പിച്ചു. ഇയാൾ നിരവധി പ്രവാസികളെ സമാന രീതിയിൽ കബളിപ്പിച്ച് പണം തട്ടിയതിനാൽ വിദേശത്തേയ്ക്ക് കടന്നാൽ പ്രതിരക്ഷപെടാൻ സാധ്യതയുണ്ടെന്നാണ് പരാതിക്കാരുടെ വാദം.

Advertisements

2024 ഓഗസ്റ്റ് 15 നാണ് ഷാനിനെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയുടെ പരാതിയിലായിരുന്നു കേസ്. വിദേശത്തായിരുന്ന വ്യവസായിയെ ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്താണ് ഷാനുമായി പരിചയപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വിദേശത്തെ സ്ഥാപനത്തിന്റെ ഷെയർ ഷാനിന് വാങ്ങാൻ താല്പര്യമുണ്ടെന്നും ഇതിലേയ്ക്കായുള്ള ചർച്ചകൾക്കായി ഷാൻ ഇദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നതുമായാണ് അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് അനുസരിച്ച് ഷാൻ വിദേശത്ത് എത്തുകയും വ്യവസായിയുമായി ചർച്ച നടത്തുകയും ചെയ്തു. സിംഗപ്പൂരിൽ ഷാനിനും ഭാര്യയ്ക്കുമുള്ള ബിസിനസിൽ നിന്നും ഗൾഫിലെ ബിസിനസ് അക്കൗണ്ടിലേയ്ക്ക് 20 മില്യൺ ഡോളർ ഷെയറായി ലഭിക്കുമെന്നും, ഇത് മലയാളി വ്യവസായിയുടെ ഗൾഫിലെ പ്രോജക്ടിൽ നിക്ഷേപിക്കാം എന്നായിരുന്നു വാഗ്ദാനം. ഇത് അനുസരിച്ച് ഇരുവരും തമ്മിൽ ധാരണാ പത്രം ഉണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം കേരളത്തിലേയ്ക്കു മടങ്ങിയെത്തിയ ഷാൻ പ്രവാസി വ്യവസായിയെ സിംഗപ്പൂരിലേയ്ക്കു പോകാനുള്ള തീയതി അറിയിച്ചു. ഇദ്ദേഹം ഷാനിനും തനിക്കും സുഹൃത്തിനും പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.

ഇതിനിടെ സിംഗപ്പൂരിലെ തന്റെ അക്കൗണ്ടിലേയ്ക്ക് ട്രാൻസാക്ഷൻ കാണിക്കാനായി മാത്രം 70 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഷാൻ ആവശ്യപ്പെട്ടു. തന്റെ ദുബൈയിലുള്ള കമ്പനിയുടെ ഷെയർ മലയാളി വ്യവസായി വാങ്ങുന്നതായി കാണിച്ച് ട്രാൻസാക്ഷൻ പൂർത്തിയാക്കണമെന്നാണ് ഇതിനായി ഷാൻ അറിയിച്ചത്. ഇതിനായി ഒരു കരാർ ഉണ്ടാക്കുകയും, ഇത് ഒപ്പിടുകയും ചെയ്തു. ഒരു ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന ഷാനിന്റെ വാക്ക് അനുസരിച്ച് വിദേശത്തെ തന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും 60 ലക്ഷം രൂപയും, നാട്ടിലെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഷാനിന്റെയും ഭാര്യയുടെയും പേരിലുള്ള ഗൾഫിലെ അക്കൗണ്ടിലേയ്ക്ക് വ്യവസായി അയച്ചു നൽകി. ഈ തുക അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ പല കാരണങ്ങൾ പറഞ്ഞ് ഷാൻ സിംഗപ്പൂർ യാത്ര നീട്ടി വച്ചു.

എന്നാൽ, സിംഗപ്പൂർ യാത്ര മുടങ്ങുകയും എഗ്രിമെന്റ് കാലാവധി കഴിയുകയും ചെയ്തതോടെ പ്രവാസി വ്യവസായി പണം തിരികെ ആവശ്യപ്പെട്ടു. വയനാട്ടിൽ തനിക്ക് 450 ഏക്കർ തോട്ടമുണ്ടെന്നും, ഈ തോട്ടം വിൽക്കുമ്പോൾ 450 കോടി രൂപ ലഭിക്കുമെന്നും ഇതിൽ നിന്നും തുക നൽകാമെന്നായിരുന്നു ഷാനിന്റെ വാഗ്ദാനം. എന്നാൽ, ഇത് വേണ്ടെന്ന് അറിയിച്ച വ്യവസായി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നും പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയും ചെയ്തു.ഇതിനിടെ വിദേശത്തെ ഷാനിന്റെ കമ്പനി വ്യാജ കമ്പനിയാണെന്ന് തിരിച്ചറിഞ്ഞ വ്യവസായി കരാർ റദ്ദാക്കുകയും, തട്ടിപ്പിന് ഷാനിന് എതിരെ വിദേശത്ത്് പൊലീസിനും എംബസിയ്ക്കും പരാതി നൽകുകയും ചെയ്തു.

എന്നാൽ, ഇയാൾ ഇപ്പോൾ കോടതിയിൽ വിദേശത്തേയ്ക്കു പോകാൻ അപേക്ഷ നൽകിയതോടെയാണ് പണം നഷ്ടമായ ആളുകൾ പരാതിയുമായി രംഗത്ത് എത്തിയത്. തട്ടിപ്പ് നടത്തിയ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, നടപടികൾ കർശനമാക്കണമെന്നും വിദേശത്ത് കടന്ന് രക്ഷപെടാൻ അനുവദിക്കരുതെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

Hot Topics

Related Articles