ന്യൂഡല്‍ഹി: ഭീകരപ്രവർത്തനത്തിന് കാനഡയില്‍ അറസ്റ്റിലായ പാകിസ്താൻ പൗരൻ മുഹമ്മദ് ഷഹസേബ് ഖാനെ യുഎസിന് കൈമാറിയതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) ചൊവ്വാഴ്ച സ്ഥിരീകരിച്ചു.ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പിന്തുണയോടെ ബ്രൂക്ക്ലിനിലെ ജൂതകേന്ദ്രത്തില്‍ 2024 ഒക്ടോബർ ഏഴിന് ആക്രമണം നടത്താൻ പദ്ധതിയിട്ടതിനാണ് മുഹമ്മദ് ഷഹസേബ് ഖാനെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇസ്രയേലിന് നേർക്ക് ഹമാസ് ആക്രമണം നടത്തിയതിന്റെ ഒന്നാം വാർഷികദിനത്തില്‍ ആക്രമണം നടത്താനായിരുന്നു ഷഹസേബ് ഖാന്റെ പദ്ധതി. ഷഹസേബിനെ യുഎസിന് കൈമാറിയതായും ഖാന് അമേരിക്കൻ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേല്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഐഎസിന് സഹായം നല്‍കാനുള്ള ശ്രമം, ഭീകരപ്രവർത്തനങ്ങള്‍ നടത്താനുള്ള ശ്രമം എന്നിവയാണ് ഷഹസേബിന്റെ മേല്‍ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍. ബ്രൂക്ക്ലിനിലെ ജൂതകേന്ദ്രത്തില്‍ കൂട്ടവെടിവെപ്പ് നടത്താനായി കാനഡയില്‍നിന്ന് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യാൻ ഖാൻ പദ്ധതിയിട്ടതായി എഫ്ബിഐ കണ്ടെത്തിയതായും ആക്രമണം തടയാൻ സാധിച്ചതായും കാഷ് പട്ടേല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തിന്റെ എല്ലാ കോണുകളും അഭിമുഖീകരിക്കുന്ന ഭീകരവാദത്തിന്റെ നിരന്തരമായ ഭീഷണിയുടെയും ജൂതസമൂഹങ്ങള്‍ക്ക് എതിരെയുള്ള ഭീഷണികളിലെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള വർധനയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഇവയ്ക്കെതിരെ എഫ്ബിഐ ജാഗ്രതയോടെ തുടരുകയും അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാൻ രാപകല്‍ പ്രവർത്തിക്കുകയും ചെയ്യുമെന്നും പട്ടേല്‍ കൂട്ടിച്ചേർത്തു.