അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്; വിദ്യാർത്ഥികൾക്ക് പരിക്കെന്ന് സൂചന

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നു വീണത്. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് എന്ന വിവരം പുറത്തുവരുന്നുണ്ട്. ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. 

Advertisements

ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഈ വിദ്യാർത്ഥികളെയാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിമാനം ഹോസ്റ്റലിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൃക്സാക്ഷികളും ഇത് തന്നെ പറയുന്നു. വിദ്യാർത്ഥികളുടെ ആരോ​ഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ ഇടിച്ചു നിൽക്കുന്ന ദൃശ്യങ്ങളും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

400ലധികം പിജി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജാണിത്. ഹോസ്റ്റലിന്‍റെ ഒരു വശം മുഴുവന്‍ തകര്‍ന്നിരിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കുട്ടികള്‍ മെസിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന സമയമായിരുന്നു ഇത്. അഗ്നിശമന സേനയെത്തി ഇവിടെയെത്തി തീയണക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാമായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന 30 പേരോളം ആശുപത്രിയിലുണ്ടെന്നും ഇവരുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ നൽകുന്ന വിവരം. 

625 അടി മുകളിലേക്ക് പോയതിന് ശേഷമാണ് വിമാനം തകർന്നുവീണത്. 242 പേരാണ് എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും 12 ക്രൂ അം​ഗങ്ങളും. യാത്രക്കാരിൽ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്. 1.38 ന് പറന്നു പൊങ്ങിയ വിമാനം 5 മിനിറ്റിനുള്ളിൽ തകർന്നു നിലംപതിച്ചതായിട്ടാണ് വിവരം. പറന്നു പൊങ്ങിയപ്പോൾ തന്നെ അപായസന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്ന വിവരവും അധികൃതർ വ്യക്തമാക്കുന്നു. വിമാനം താഴേക്ക് പതിച്ചതിന് ശേഷമാണ് കത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

Hot Topics

Related Articles