മാസ്‌ക് മാറ്റാനൊരുങ്ങി കേരളം..? പൊതുസ്ഥലത്ത് മാസ്‌ക് നീക്കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണനയില്‍; ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റിയേക്കും; പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന് ബുധനാഴ്ച തുടക്കും

തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമികഘട്ട ആലോചനകള്‍ ആരംഭിച്ചു. മാസ്‌ക് ഘട്ടം ഘട്ടമായി മാറ്റാം എന്ന് ഒരു വിഭാഗ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ധൃതി പിടിച്ച് തീരുമാനം വേണ്ടെന്ന് വിദഗ്ധസംഘം സര്‍ക്കാരിനെ അറിയിച്ചു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഒരു മാസം കാത്തിരുന്ന ശേഷം അന്തിമ തീരുമാനം ആകാമെന്നാണ് നിര്‍ദ്ദേശം.

Advertisements

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പൂര്‍ണ്ണമായും നീക്കാതെ ആശുപത്രികളിലും റയിവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയേക്കും. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കുട്ടികളും മാസ്‌ക് അഴിക്കാന്‍ അനുവദിച്ചേക്കില്ല. പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. യുഎഇയില്‍ മാസ്‌ക് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പന്ത്രണ്ട് വയസിനു മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 12-14 വയസ് പ്രായത്തിനിടയില്‍ ഉള്ളവര്‍ക്ക് ബുധനാഴ്ച മുതലാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. 2010 മാര്‍ച്ച് അഞ്ചിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് കമ്പനി നിര്‍മിച്ച കോര്‍ബെവാക്‌സ് വാക്‌സിനാണ് കുട്ടികള്‍ക്കു നല്‍കുന്നത്. നിലവില്‍ 15നും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. സ്‌കൂളുകള്‍ പഴയതുപോലെ തുറന്നതോടെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം.

കോര്‍ബെവാക്‌സ് അടക്കം മൂന്ന് വാക്‌സിനുകള്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്‌സിന്‍ എന്നിവയാണ് അനുമതിയുള്ള മറ്റ് വാക്‌സിനുകള്‍. ജനുവരി മൂന്നിനാണ് 15 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. ഈ വിഭാഗത്തിലെ മുഴുവന്‍ പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പകുതി പേരും വാക്‌സിനേഷന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കി.കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതോടൊപ്പം അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും നല്‍കും.

Hot Topics

Related Articles