ടെഹ്റാൻ: കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ മരിച്ചതായി ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേർക്ക് പരിക്കേറ്റതായും ഇറാൻ അംബാസഡർ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇസ്രയേൽ വ്യോമ സേനയുടെ ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിൻ വർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെവന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാന്റെ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേന മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരെയൊക്കെ വധിച്ചതായി ഇസ്രയേലി പ്രതിരോധ സേന വിശദീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഉപദേഷ്ടാവ് അലി ശംഖാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇസ്രയേൽ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാൻ ആരോപിച്ചു.