ന്യൂയോര്‍ക്ക്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം (റൈസിംഗ് ലയണ്‍) എന്ന് ഇസ്രയേല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇതിന് മറുപടിയായി ഇസ്രയേല്‍ ടെല്‍ അവീവിലേക്ക് ശക്തമായ പ്രത്യാക്രമണം ഇന്നലെ രാത്രി നടത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണവ നിലയമായ നഥാന്‍സും ആക്രമിക്കപ്പെട്ടിരുന്നു.
നഥാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്‍റെ മുകള്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഭൂഗര്‍ഭ അറകളിലെ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് തകരാറുകള്‍ സംഭവിച്ചതായി സൂചനകളില്ലെന്നും റഫേല്‍ ഗ്രോസി യുഎന്നിനെ അറിയിച്ചു. എന്നാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് സെൻട്രിഫ്യൂജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഫോര്‍ഡോ, ഇസ്‌ഫഹാന്‍ എന്നീ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി ഇറാന്‍ അറിയിച്ചതായും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചു. ഇറാനും ഇസ്രയേലും തമ്മില്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക അസാധ്യമാണെന്നും ഗ്രോസി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.
ഇറാന്‍ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയമാണ് നഥാന്‍സ്. ഇറാന്‍റെ ആണവായുധ ശേഖരത്തിനുള്ള വലിയ അളവ് ഇന്ധനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെട്ടത് നഥാന്‍സിലാണ് എന്നാണ് അനുമാനം. ആറ്റംബോബ് നിര്‍മ്മാണത്തിന്‍റെ തൊട്ടടുത്ത ഘട്ടത്തിലെത്തിനില്‍ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഥാന്‍സില്‍ ഇറാന്‍ തയ്യാറാക്കിയത്. നഥാന്‍സിലെ ആണവോര്‍ജ സമ്പുഷ്ടീകരണ തോത് 60 ശതമാനമായി ഇറാന്‍ വർധിപ്പിച്ചു. ഇത് ബോംബ് ഗ്രേഡിനേക്കാള്‍ അല്‍പം കുറവാണെങ്കിലും, ആണവായുധങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ലെവൽ 90 ശതമാനത്തിലേക്ക് സമ്പുഷ്‌ടീകരണം ഉയര്‍ത്താന്‍ കേവലം ആഴ്ചകള്‍ മാത്രം മതിയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.
അതേസമയം ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ കനത്ത നാശം വിതയ്ക്കുക ഇസ്രയേലിന് പ്രായോഗികമല്ല എന്നാണ് വിദഗ്ധരുടെ പക്ഷം. ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്ന് വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്ക് കീഴിലായി തറനിരപ്പില്‍ നിന്ന് അര മൈലോളം ആഴത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് കെട്ടിലാണ് ഇറാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദുര്‍ഘട പ്രദേശമെങ്കിലും ഇവിടവും ഇസ്രയേല്‍ സേന ആക്രമിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.