നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൺവൻഷനിൽ പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി.
യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന ഉറച്ച നിലപാടും മുഖ്യമന്ത്രി തൻ്റെ പ്രസംഗത്തിൽ മുന്നോട്ട് വെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൂടെ കൊണ്ടു നടന്നത് ഒരു കൊടും വഞ്ചകനെയാണെന്നായിരുന്നു അൻവറിനെ പേരെടുത്ത് പറയാതെയുള്ള വിമർശനം. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നൽകുകയോ ചെയ്തിട്ടില്ല. മത്സരത്തെ കുറിച്ച് ഞങ്ങൾക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എൽഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നു. ഇത് എതിരാളികളിൽ വൻ അങ്കലാപ്പുണ്ടാക്കി. എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ ദീർഘകാലമായി ചില വിഭാഗങ്ങളെ അവരുടെ തത്വശാസ്ത്രം കൊണ്ട് സമൂഹം അകറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയെ ഉന്നമിട്ട് പറഞ്ഞു. നമ്മൾ നിലകൊള്ളുന്നത് ജനാധിപത്യ സമൂഹത്തിലാണ്. ആ സമൂഹത്തോട് ഒട്ടും മമത ഇല്ലാത്ത ചിലരെ നാടും സമൂഹവും അംഗീകരിക്കാറില്ല. അങ്ങനെ അംഗീകരിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് വലിയതോതിൽ വിശദീകരിക്കേണ്ടതില്ല. കശ്മീരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നല്ലോ. അവിടെ സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് ബിജെപിയെ ജമാഅത്തെ ഇസ്ലാമി സഹായിച്ചു. എന്നാൽ അതിനെ അതിജീവിച്ച് തരിഗാമി വിജയിച്ചു.
ഇവരെ കേരളത്തിന് പണ്ട് മുതലേ പരിചയമുള്ളവരാണ്. സിഎച്ച് മുഹമ്മദ് കോയ ജീവിച്ചിരുന്ന കാലത്ത് എല്ലാ സംഘടനകളുടെയും യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എന്നാൽ ജമാഅത്തിൻ്റെ ഒരു യോഗത്തിലും സിഎച്ച് പങ്കെടുത്തിട്ടില്ല. ഇതെല്ലാം മുസ്ലിം ലീഗിന് ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനമാണ് കാണിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സ്വഭാവത്തിൽ എന്ത് മാറ്റമാണ് വന്നത്? യുഡിഎഫ് നാല് വോട്ടുകിട്ടാനാണ് ശ്രമിക്കുന്നത്. അത്രമാത്രം പാപ്പരായ അവസ്ഥയിലാണവർ.
വിഘടനവാദികളുടെയും വർഗീയ ശക്തികളുടെയും വോട്ടുകിട്ടാനാണ് ശ്രമിക്കുന്നത്. അവസരവാദ സമീപനമെന്ന് മറ്റുള്ളവരെ പറയുമെങ്കിലും ഇപ്പോൾ സംഭവിക്കുന്നത് അതാണ്. മുസ്ലിം ലീഗ് അറിയാതെയല്ല ഈ നിലപാട് കോൺഗ്രസ് എടുത്തത്. ഇന്നലെ അത് അവർ തന്നെ വ്യക്തമാക്കി. ഞങ്ങൾക്കുള്ളത് തെളിമയാർന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഗീയ ശക്തിയുടെയും വിഘടന ശക്തിയുടെയും പിന്തുണ എൽഡിഎഫിന് വേണ്ട. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എൽഡിഎഫ്. ഒൻപത് വർഷക്കാലം നല്ല നിലയിൽ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് കേന്ദ്രസർക്കാരിനെതിരെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല. പ്രകൃതി ദുരന്തം നടന്ന് സഹായം ലഭിക്കാത്തത് കേരളത്തിന് മാത്രമാണ്. സഹായവുമായി എത്തിയവരെ പോലും തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ഉണ്ടായ ദുരന്തത്തിന് പലസഹായങ്ങളും വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ കേരളത്തിൻ്റെ വായ്പ എടുക്കാനുള്ള പരിധിയും വെട്ടിക്കുറച്ചു. എല്ലാരീതിയിലും കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമം തുടരുകയാണ് കേന്ദ്രം.
സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വലിയ മാറ്റങ്ങളുണ്ടായി. കൊഴിഞ്ഞു പോയ 5 ലക്ഷം കുട്ടികൾക്ക് പകരം പത്ത് ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ രംഗത്തെത്തി. ആരോഗ്യ മേഖല ലോക ശ്രദ്ധ നേടി. കോവിഡിന് മുൻപിൽ നമ്മുടെ ആരോഗ്യമേഖല മുട്ടുകുത്തിയില്ല. ആവശ്യത്തിനുള്ള ഐസിയു, ഓക്സിജൻ ബെഡുകൾ ഉണ്ടായിരുന്നു. ലോകം ആശ്ചര്യത്തോടെ കേരളത്തെ നോക്കിക്കണ്ടു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടായി. വിദേശ വിദ്യാർത്ഥികളും പഠനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാകും. വ്യാവസായിക രംഗത്തും നടത്തിയത് മികച്ച കുതിച്ചു ചാട്ടം സാധ്യമാക്കി.
ക്ഷേമപെൻഷൻ തുടക്കത്തിലേ എതിർത്ത ആളുകളുണ്ട്. അതിൽ ഒരാളാണ് കെ.കരുണാകരൻ. എൽഡിഎഫാണ് എല്ലാ ഘട്ടത്തിലും പെൻഷൻ ഉയർത്തിയത്. ഒരുഘട്ടത്തിലും കോൺഗ്രസ് അതിനെ അനുകൂലിച്ചില്ല. പെൻഷൻ തടയുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചു. കേരളം പെൻഷൻ കൃത്യമായി കൊടുത്തു. ഇടയ്ക്കൊരു കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
പെൻഷൻ കൈക്കുലി ആണെന്ന് കോൺഗ്രസ് പറഞ്ഞു. അവർ എല്ലാ കാലത്തും പാവങ്ങൾക്കെതിരാണ്. അവരുടെ യഥാർത്ഥ മുഖം പുറത്തുവന്നു. ലൈഫ് മിഷൻ പദ്ധതി തകർക്കാൻ കോൺഗ്രസ് ശ്രമിച്ചു. ഒരു എംഎൽഎ അടക്കം കേസിന് പോയി. എന്നിട്ടെന്തായെന്ന് ഓർക്കണം. എല്ലാ അർത്ഥത്തിലും സ്വീകാര്യനായ ആളാണ് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൻ്റെ പ്രതിനിധിയായി സ്വരാജ് വരുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.